സാമ്പത്തിക നിഷ്‌ക്രിയതയുടെ വികസന രാഹിത്യത്തില്‍ നിന്നു സുസ്ഥിര വികസന പാതയിലേക്കു കുതിക്കുന്ന കാഴ്ചയ്‌ക്കാണ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി ലോകം സാക്ഷ്യം വഹിക്കുന്നത്. നിരന്തരമായ സാങ്കേതിക നവീകരണ പ്രക്രിയയിലൂടെയാണ് വികസിത രാജ്യങ്ങള്‍ സുസ്ഥിര വികസനം സ്വായത്തമാക്കിയത്. ആഗോള സാമൂഹിക സാമ്പത്തിക നയാവിഷ്‌കാരങ്ങള്‍ക്ക് വഴിമരുന്നാകുന്നതും ഇതാണ്. നൂതന സാങ്കേതികതയില്‍ അധിഷ്ഠിതമായ സാമ്പത്തിക വികസന തന്ത്രങ്ങള്‍ക്കു മുന്നില്‍ കാലഹരണപ്പെട്ട ആശയങ്ങളും ഉല്പാദന പ്രക്രിയകളും ജീവിതവിദ്യാഭ്യാസ രീതികളും പഴഞ്ചന്‍ സാങ്കേതികയും അപ്രസക്തമാവും. ലോക സാമ്പത്തിക ചരിത്രം നല്‍കുന്ന പാഠവും ഇതാണ്.
പുതിയ ആശയവും പുതുസാങ്കേതികതയുമായി പുതിയ കമ്പനികള്‍ വരുമ്പോള്‍, പഴയത് കാലഹരണപ്പെട്ട് സ്വമേധയാ പിന്തള്ളപ്പെടുന്നതിനെയാണ് സാമ്പത്തിക വിദഗ്‌ദ്ധര്‍ ‘ഉല്‍പ്പാദനക്ഷമമായ നശീകരണം’ (ക്രിയേറ്റീവ് ഡിസ്ട്രക്ഷന്‍ ) എന്ന് വിളിക്കുന്നത്.
ലോകരാജ്യങ്ങളുടെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്ന സാങ്കേതിക പ്രക്രിയയാണ് ഉല്‍പ്പാദനക്ഷമമായ നശീകരണം. നൂതന സാങ്കേതികാധിഷ്ഠിത വികസനത്തിലൂടെ രാജ്യങ്ങള്‍ക്ക് സാമ്പത്തിക വികസനം സ്വായത്തമാക്കാനുള്ള ധനശാസ്ത്ര പാഠങ്ങള്‍ അവതരിപ്പച്ചതിനാണ് പ്രൊഫ. ജോയല്‍ മോക്കിറിനും മോക്കിറിന്റെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി സുസ്ഥിര വികസനത്തിന് അനുപൂരകമായ സാങ്കേതിക ശാസ്ത്ര മാതൃക രൂപകല്പന ചെയ്തതിനാണ് പ്രൊഫ. ഫിലിപ്പ് അഗിയോണിനും പ്രൊഫ. പീറ്റര്‍ ഹൗവിറ്റിനും സംയുക്തമായി ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. പതിനൊന്നുദശലക്ഷം സ്വീഡിഷ് ക്രോണര്‍ (ഏകദേശം 1.2 ദശലക്ഷം ഡോളര്‍) ആണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സാമ്പത്തിക നൊബേല്‍ സമ്മാനമായി നല്‍കുന്നത്. ഇതില്‍ പകുതി തുക പ്രൊഫ. ജോയല്‍ മോക്കിറിനു ലഭിക്കും. മറുപകുതി പ്രൊഫ. ഫിലിപ്പ് അഗിയോണും പ്രൊഫ. പീറ്റര്‍ ഹൗവിറ്റും പങ്കിടും. 1942ല്‍ വിഖ്യാത ധനശാസ്ത്രകാരനായ പ്രൊഫ. ജോസഫ് ഷുംപീറ്റര്‍ തന്റെ ‘ Capitalism, Socialism, and Democracy ‘ എന്ന കൃതിയിലാണ് നിര്‍മാണാത്മക നശീകരണമെന്ന ആശയം ആദ്യം പ്രതിപാദിച്ചത്.സുസ്ഥിര വികസനത്തിന്റെ സാങ്കേതിക വിജ്ഞാനം എന്ന നിലയിലാണ് മോക്കിര്‍, അഗിയോണ്‍, ഹൗവിറ്റ് എന്നിവര്‍ തങ്ങളുടെ പുതിയ ചിന്താസരണിയെ അവതരിപ്പിച്ചത്. സാമ്പത്തിക ചരിത്രത്തില്‍ ആഴത്തില്‍ അറിവുള്ള മോക്കിര്‍ സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിരവികസനത്തിന് ആവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമെന്നാണ് മുഖ്യമായും പഠിച്ചത്. വ്യവസായവത്കരണം, നൂതനാശയങ്ങള്‍, സാമ്പത്തിക വികസനം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളെയാണ് ചരിത്രപശ്ചാത്തലത്തില്‍ അദ്ദേഹം വിശകലന വിധേയമാക്കിയത്.
നിര്‍മാണാത്മക നശീകരണം സാമ്പത്തികാഭിവൃദ്ധി സ്വായത്തമാക്കാനുള്ള വ്യക്തമായ ഉപാധിയാകുന്നു. വികസനം ക്രിയാത്മകതയില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. നൂതന വികസനാവിഷ്‌കാരങ്ങള്‍ നവീകരണത്തിന്റെ വാതായനങ്ങളിലൂടെ മാത്രം കടന്നുവരുന്നതാണ്. പുതിയ നിര്‍മ്മിതികള്‍ പഴയതിനെ ഉന്മൂലനം ചെയ്തു കൊണ്ട് വിപണി കീഴടക്കുന്നു. പഴയ നിര്‍മാണ രീതികളും ഉല്പാദനോപാധികളും, ഉല്പന്നങ്ങളും അന്യംനിന്നു പോകുന്നു. കാലാനുസൃതമായി ഉരുത്തിരിയുന്ന ആധുനിക ചിന്താധാരകളെയും ഉല്പാദന രീതികളെയും സ്വാംശീകരിച്ചു പഴയതിനെ നിരാകരിക്കുന്നത് ആധുനിക മാനവിക സമൂഹത്തിന്റെ ഔന്നത്യപൂര്‍വ്വമായ നിലപാടാകുന്നു. ‘പുതിയ ‘നവസാര്‍വ്വത്രികത’ (ന്യു നോര്‍മല്‍) ആധുനിക വികസനോന്മുഖ സമൂഹത്തിന്റെ നിയാമക രൂപകങ്ങളാകുന്നു. സാമ്പത്തിക വളര്‍ച്ചയ്‌ക്ക് അനുപൂരകമായ ഒട്ടേറെ ഘടകങ്ങള്‍ മുന്‍പുള്ളവയില്‍ നിന്നു വ്യത്യസ്തമായി സമൂഹം സ്വായത്തമാക്കുന്നവയാണ്. നൂതന വിദ്യാഭ്യാസ അവസരങ്ങള്‍, മികച്ച ആരോഗ്യ നിലവാരം, ഉയര്‍ന്ന ജീവിതനിലവാരം, ആശാസ്യവും അനുപൂരകവുമായ തൊഴിലവസര സമൃദ്ധി, കൂടുതല്‍ വിശ്രമാവസരങ്ങള്‍, പുതിയ ഉല്പന്നങ്ങള്‍, ഉല്പാദന രീതികള്‍, പുതിയ സേവനോപാധികള്‍, ആധുനിക യാത്രാ സൗകര്യങ്ങള്‍, നൂതന ആശയവിനിമയ സംവിധാനങ്ങള്‍, ആധുനിക ധനവിനിമയ സംവിധാനങ്ങള്‍ മുതലായവ സമൂഹത്തിന്റെയും വ്യക്തികളുടെയും സാമ്പത്തിക വളച്ചയുടെ നിര്‍ണയക ഘടകങ്ങളാകുന്നു. സുസ്ഥിര സാമ്പത്തിക പുരോഗതിയുടെ നിതാന്ത ഘടകമായി വര്‍ത്തിക്കുന്നത് അവശ്യ വിജ്ഞാന സഞ്ചയമാണ്(യൂസ്ഫുള്‍ നോളജ്).
ഈ അവശ്യ അറിവുകളെ രണ്ടായി തിരിക്കാം. 1. വിവരണാത്മക വിജ്ഞാനം (പ്രൊപ്പോസിഷണല്‍ നോളജ് ), 2. നിര്‍ദ്ദേശാത്മക വിജ്ഞാനം (പ്രിസ്‌ക്രിപ്റ്റീവ് നോളജ്).
അറിവുകള്‍ വിവരണാത്മകമായി അവതരിപ്പിക്കപ്പെടുന്നതാണ് വിവരണാത്മക വിജ്ഞാനം. നിദ്ദേശാനുസരണം സ്വാംശീകരിക്കാവുന്നതാണ് നിര്‍ദ്ദേശാത്മക വിജ്ഞാനം .
രാഷ്‌ട്രങ്ങളുടെ ചരിത്രഗതിവിഗതികളെ ആസ്പദമാക്കിയുള്ള പരിചിന്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മോക്കിറിന്റെ സുസ്ഥിര വികസന സങ്കല്പങ്ങള്‍. അഗിയോണും ഹൗവിറ്റും നിര്‍മാണാത്മക നശീകരണത്തിന്റെ വികസന പരിപ്രേക്ഷ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പഴയതിനെ നിരാകരിച്ചു പുതിയതിനെ സ്വാംശീകരിക്കുന്നതാണ് പരിവര്‍ത്തനോന്മുഖ വികസനം (ട്രാന്‍സ്ഫോര്‍മേറ്റീവ് ഡെവലപ്മെന്റ്).
ജോയല്‍ മോക്കിര്‍ അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വ്വകലാശാലയിലും ഫിലിപ്പ് അഗിയോണ്‍ പാരിസിലെ കോളജ് ഡി ഫ്രാന്‍സ്, ഇന്‍സീഡ്, ബ്രിട്ടനിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിലും, പീറ്റര്‍ ഹൗവിറ്റ് അമേരിക്കയിലെ ബ്രൗണ്‍ സര്‍വ്വകലാശാലയിലും ഗവേഷകരും അദ്ധ്യാപകരുമാണ്.
(ബെംഗളൂരുവിലെ ഇന്ദിര ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ് ആര്‍ട്സില്‍ സേവനമനുഷ്ഠിക്കുന്ന ലേഖകന്‍ 2019-21ലെ ടാഗോര്‍ നാഷണല്‍ ഫെല്ലോയും ആയിരുന്നു)











