ദുബായ് : അൽ ഐൻ മ്യൂസിയം ഒക്ടോബർ 24 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ഒക്ടോബർ 14-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വിപുലമായ പുനർവികസന പ്രവർത്തനങ്ങൾക്ക് ശേഷമാണ് അൽ ഐൻ മ്യൂസിയം വീണ്ടും തുറക്കുന്നത്. മ്യൂസിയം കെട്ടിടത്തിന്റെ യഥാർത്ഥ ഘടന അതേപോലെ നിലനിർത്തിക്കൊണ്ടാണ് എണ്ണായിരം സ്‌ക്വയർ മീറ്ററിലധികം വിസ്തൃതിയിൽ അൽ ഐൻ മ്യൂസിയം നവീകരിച്ചിരിക്കുന്നത്.
അത്യാധുനികമായ ഇന്റർആക്റ്റീവ് ഗാലറികൾ ഉൾപ്പെടുത്തിയാണ് മ്യൂസിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഈ പുതിയ ഇന്റർആക്റ്റീവ് ഗാലറികളിലെത്തുന്ന സന്ദർശകർക്ക് മുൻപിൽ അൽ ഐൻ മേഖലയുടെ അതിഗംഭീരമായ പുരാവസ്തു പൈതൃകം, മാനവ ചരിത്രം എന്നിവ അനാവരണം ചെയ്യപ്പെടുന്നതാണ്.
യു എ ഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ് 1969-ൽ അൽ ഐൻ മ്യൂസിയം സ്ഥാപിച്ചത്. രാജ്യത്തെ ആദ്യത്തെ മ്യൂസിയമാണിത്.
















