ബെംഗളൂരു: ഗർഭിണിയായ സർക്കാർ ജീവനക്കാരിയെ അധിക്ഷേപിച്ച കർണാടക കോൺഗ്രസ് എംഎൽഎ ശിവഗംഗ ബസവരാജ് വിവാദത്തിൽ. സർക്കാർ അവലോകന യോഗത്തിനിടെ ഗർഭിണിയായ റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതായാണ് റിപ്പോർട്ട്.
ചന്നഗിരിയിൽ നടന്ന ത്രൈമാസ കർണാടക വികസന പരിപാടി (കെഡിപി) യോഗത്തിനിടെയാണ് സംഭവം. ഗർഭിണിയാണെന്ന് പറഞ്ഞ് ഒരു വനിതാ ഉദ്യോഗസ്ഥ ഹാജരായിരുന്നില്ല. എംഎൽഎ അവരുടെ ജോലിയോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യുകയും ശമ്പളം വാങ്ങുകയും അവധിയെടുക്കുകയും ചെയ്യുന്നുവെന്നാക്ഷേപിച്ച് ലൈംഗിക പരാമർശങ്ങൾ നടത്തുകയും ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്.
‘അവൾ ഗർഭിണിയാണെങ്കിൽ, അവൾ അവധിയെടുക്കണം. എന്തിനാണ് ജോലിക്ക് വരുന്നത്? കൈക്കൂലി വാങ്ങാനാണ് ജോലിക്ക് വരുന്നത്? അവൾക്ക് നാണമില്ലേ?’ എംഎൽഎ ഇങ്ങനെ പറയുന്ന വീഡിയോയിൽ പ്രചരിക്കുന്നുണ്ട്.
ഉദ്യോഗസ്ഥയ്‌ക്ക് നോട്ടീസ് നൽകാനും, വിശദീകരണം ചോദിക്കാനും ഉന്നത അധികാരികൾക്ക് മുന്നിൽ വിഷയം എത്തിക്കാനും എംഎൽഎ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.












