പട്‌ന: ആർജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ ഭിന്നത ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ട തേജ് പ്രതാപ് യാദവ് ഇപ്പോൾ തന്റെ ഇളയ സഹോദരൻ തേജസ്വി യാദവിനെയും മൂത്ത സഹോദരി മിസ ഭാരതിയെയും സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തിരിക്കുകയാണ്.
തേജ് പ്രതാപ് യാദവ് തന്റെ എക്സ് ഹാൻഡിൽ അച്ഛൻ ലാലു യാദവ്, അമ്മ റാബ്രി ദേവി, സഹോദരി രാജ് ലക്ഷ്മി യാദവ് എന്നിവരെ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂ. കുടുംബത്തിനുള്ളിലെ ഭിന്നതയാണ് ഇത്തരം നടപടികൾക്കുള്ള പ്രധാന കാരണമായി അണികൾ വിലയിരുത്തുന്നത്.
അതേ സമയം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ച തേജ് പ്രതാപ് യാദവിന്റെ പുതിയ പാർട്ടി സംസ്ഥാനത്ത് രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ജനശക്തി ജനതാദൾ എന്ന പേരിൽ ഒരു പാർട്ടി രൂപീകരിക്കുന്നതായിട്ടാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ബിഹാറിന്റെ വികസനത്തിനും പുതിയൊരു സംവിധാനം സൃഷ്ടിക്കുന്നതിനുമാണ് പുതിയ പാർട്ടിയെന്നായിരുന്നു തേജ് പ്രതാപ് അവകാശപ്പെട്ടത്.
കൂടാതെ തേജ് പ്രതാപ് യാദവ് തന്റെ പുതിയ പാർട്ടിയായ ജനശക്തി ജനതാദളിനായി പുറത്തിറക്കിയ പോസ്റ്ററിൽ തേജ് പ്രതാപ് യാദവിന്റെ പിതാവും ആർജെഡി മേധാവിയുമായ ലാലു പ്രസാദ് യാദവിന്റെ ചിത്രം ഇല്ലെന്നതും ശ്രദ്ധേയമാണ്. ഇത് മാത്രമല്ല, തേജ് പ്രതാപിന്റെ അമ്മയും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയുടെ ചിത്രവും ഈ പോസ്റ്ററിൽ കാണുന്നില്ല.
അതേ സമയം രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി, ബാബാ സാഹിബ് ഭീം റാവു അംബേദ്കർ, റാം മനോഹർ ലോഹ്യ, ജയ് പ്രകാശ് നാരായൺ, ജനനായക് കർപുരി താക്കൂർ എന്നീ അഞ്ച് ചിത്രങ്ങളാണ് പോസ്റ്ററിന്റെ മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പോസ്റ്ററിൽ പാർട്ടിയുടെ പേരിന് താഴെ സാമൂഹിക നീതി, സാമൂഹിക അവകാശങ്ങൾ, മൊത്തം മാറ്റം എന്നിങ്ങനെ മൂന്ന് വാക്കുകൾ എഴുതിയിട്ടുണ്ട്.
മഞ്ഞയും പച്ചയും നിറത്തിലുള്ള ഈ പോസ്റ്ററിൽ തിരഞ്ഞെടുപ്പ് ചിഹ്നമായ ബ്ലാക്ക്‌ബോർഡും ഉണ്ട്. ജനങ്ങളുടെ ശക്തി, ജനങ്ങളുടെ ഭരണം, തേജ് പ്രതാപ് ബീഹാറിനെ വികസിപ്പിക്കും എന്ന മുദ്രാവാക്യവും ഇതിൽ ഉണ്ട്. പാർട്ടിയുമായി ബന്ധപ്പെടുന്നതിനുള്ള മൊബൈൽ നമ്പറുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും നൽകിയിട്ടുണ്ട്.
















