കൊച്ചി: കേരളത്തിലെ ഹിന്ദു സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ ആധുനികകാല ഏടിന്റെ പ്രതീകമായിരുന്നു പി.ഇ.ബി. മേനോനെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. മാധവ്ജിയുടെ നേതൃത്വത്തില്‍ പറവൂര്‍ പാലിയത്ത് വച്ച് അബ്രാഹ്മണരായ ഹിന്ദു സമൂഹാംഗങ്ങള്‍ക്കും പൂജാധികാരം ഉണ്ടെന്ന് പ്രസിദ്ധമായ പാലിയം വിളംബരത്തിലൂടെ, അനേക ദിവസങ്ങളിലെ ശാസ്ത്രചര്‍ച്ചകള്‍ക്ക് ശേഷം പാലിയം വിളംബരം എന്ന രേഖ പുറപ്പെടുവിക്കുന്നതിന്റെ പിന്നില്‍ ആദരണീയനായ പി.ഇ.ബി. മേനോന്‍ നിസ്തൂലമായ പങ്ക് വഹിച്ചു.
പ്രധാനമായും കേരളത്തിലെ ഹിന്ദു സാമൂഹികസംഘടനകളുടെ നേതൃത്വത്തിലുള്ളവരുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും സ്വാധീനവും പാലിയം വിളംബരത്തിന്റെ പ്രായോഗികതലത്തിലെ നടപ്പിലാക്കല്‍ ഗണ്യമായ പങ്കുവഹിച്ചു. മാധവ്ജി പാലിയം വിളംബരത്തിന്റെയും എളവൂര്‍ തൂക്ക പരിഷ്‌കരണത്തിന്റെയുമൊക്കെ ആധ്യാത്മിക ബൗദ്ധിക പ്രേരണാസ്രോതസ്സായിരുന്നെങ്കില്‍ അതിന്റെ പിന്നിലെ മാനസിക ശാരീരിക ശക്തി പി.ഇ.ബി. മേനോന്റേതായിരുന്നു.
നിഷ്ഠവാനായ ഒരു സ്വയംസേവകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സംഘകുടുംബത്തില്‍ നിത്യേന പങ്കെടുക്കാന്‍ ശാഖ ഉണ്ടാകണം എന്ന അദ്ദേഹത്തിന്റെ ചിന്ത വീടിന്റെ പരിസരത്ത് പെരുമ്പിള്ളിയില്‍ ശാഖ തുടങ്ങുവാന്‍ കാരണമായിത്തീര്‍ന്നുവെന്നത് ആലുവയിലെ പ്രവര്‍ത്തകര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഡോക്ടര്‍ജി ജന്മശതാബ്ദി കാലഘട്ടത്തില്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനായി വിസ്താരകന്മാര്‍ എന്ന നിലയില്‍ സ്വയംസേവകര്‍ പ്രവര്‍ത്തിക്കണം എന്ന സര്‍സംഘചാലകന്റെ ആഹ്വാനം ഉണ്ടായപ്പോള്‍ അതിലേറ്റവും ആദ്യം സന്നദ്ധനായ വ്യക്തി അദ്ദേഹമായിരുന്നു.
കേരളത്തില്‍ ഏത് സ്ഥലത്തും ഏത് ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ താന്‍ സന്നദ്ധനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം മുന്നോട്ടുവന്നത്. സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും സ്വയസേവക നിഷ്ഠയുടെയും മാതൃകയായിരുന്നു എന്നതിനൊപ്പം ഹൈന്ദവ തത്വചിന്തയുടെ സമഗ്രതയെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിലും അദ്ദേഹം ഏവര്‍ക്കും അനുകരണീയമായിരുന്നു. അതിന്റെ ഉദാഹരണങ്ങളാണ് ആലുവയിലും പരിസരപ്രദേശങ്ങളിലും നിരവധി ഹൈന്ദവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നത്, ജെ. നന്ദകുമാര്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
















