ന്യൂയോർക്ക് : അമേരിക്കയിലെ ടെന്നസിയിൽ സൈനിക സ്ഫോടകവസ്തു നിർമ്മാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 19 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. നാഷ്‌വില്ലിൽ നിന്ന് ഏകദേശം 97 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി ബക്‌സ്‌നോർട്ട് പട്ടണത്തിനടുത്തുള്ള അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസിലാണ് സ്‌ഫോടനമുണ്ടായതെന്ന് ഹിക്ക്മാൻ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
സ്ഫോടനത്തെ തുടർത്ത് നിരവധി പേരെ കാണാതായിട്ടുണ്ട്. ശക്തമായ സ്ഫോടനത്തിൽ മൈലുകൾ അകലെയുള്ള വീടുകൾ കുലുങ്ങിയതായും അടിയന്തര പ്രതികരണ സംഘങ്ങളെ സ്ഥലത്തേക്ക് വിളിച്ചതായും ഉദ്യോഗസ്ഥരും താമസക്കാരും പറഞ്ഞു. സ്ഫോടനങ്ങൾ തുടരുന്നതിനാൽ അടിയന്തര പ്രതികരണ സംഘങ്ങൾക്ക് പെട്ടന്ന് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹിക്ക്മാൻ കൗണ്ടി അഡ്വാൻസ്ഡ് ഇഎംടി ഡേവിഡ് സ്റ്റുവർട്ട് അസോസിയേറ്റഡ് പ്രസ്സിനോട് ടെലിഫോണിൽ പറഞ്ഞു.
ആളപായമുണ്ടോ എന്നതിനെക്കുറിച്ച് തനിക്ക് കൃത്യമയ വിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും 19 പേർ മരിച്ചതായും മറ്റുള്ളവരെ കാണാതായതായും പിന്നീട് നിരവധി പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറഞ്ഞു. കൂടാതെ വെള്ളിയാഴ്ച രാവിലെ നടന്ന സംഭവത്തെക്കുറിച്ച് അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് പ്രതികരിച്ചില്ല.
അതേ സമയം അപകടത്തിന്റെ നിരവധി വീഡിയോകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നാഷ്‌വില്ലയിലെ WTVF-TV സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളുടെയും പാർക്കിംഗ് സ്ഥലത്ത് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെയും ചിത്രങ്ങൾ സംപ്രേഷണം ചെയ്തു. വലിയ സ്ഫോടനം അനുഭവപ്പെട്ട പ്രദേശത്തെ ആളുകളിൽ നിന്ന് കോളുകൾ ലഭിച്ചതായി വാർത്താ സ്റ്റേഷൻ റിപ്പോർട്ട് ചെയ്തു. സ്ഫോടന സ്ഥലത്ത് നിന്ന് 20 മിനിറ്റിലധികം അകലെയുള്ള ലോബെൽവില്ലെ നിവാസികൾ തങ്ങളുടെ വീടുകൾ കുലുങ്ങുന്നതായി അനുഭവപ്പെട്ടതായി പറഞ്ഞു.
















