തിരുവനന്തപുരം: ഇത്തവണ വേഗത്തിൽ തുലാവർഷമെത്തുമെന്ന് മുന്നറിയിപ്പുകൾ. അടുത്തയാഴ്ചതന്നെ വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) എത്താനാണ് സാധ്യത. മധ്യ, കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കാലവർഷത്തിന്റെ (തെക്കു പടിഞ്ഞാറൻ മൺസൂൺ) വിടവാങ്ങൽ വരും ദിവസങ്ങളിൽ പുരോഗമിക്കാനാണ് സാധ്യതയെന്നും വിലയിരുത്തുന്നു. ബംഗാൾ ഉൾക്കടലിൽ (വടക്കൻ മേഖലയിൽ) രണ്ടു ദിവസത്തിന് ശേഷം ഒരു അന്തരീക്ഷച്ചുഴി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് കാലവർഷ വിടവാങ്ങലിനെ തടസ്സപ്പെടുത്താൻ സാധ്യത കുറവാണെന്നാണ് കണക്കാക്കപ്പെടുന്നത്.
കേരളത്തിൽ നിന്ന് അടുത്ത ആഴ്ചയോടെ കാലവർഷം വിടവാങ്ങുമെന്നാണ് സൂചന. ഒക്ടോബർ 19 -21 ന് തുലാവർഷം കേരളത്തിലും മഴ നൽകുമെന്നാണ് അനുമാനം. 22 ആകുമ്പോഴേക്കും തുലാവർഷം എത്തിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും. ഇത്തവണ തുലാവർഷം കുറയാൻ സാധ്യതയില്ലെന്നും കരുതപ്പെടുന്നു. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ മഴ കൂടുതൽ കിട്ടും. ഇടിമിന്നൽ ശക്തിപ്പെടാനും തീവ്രമാകാനും സാധ്യതയുള്ളതിനാൽ മുൻകരുതൽ വേണം.
















