നിയമസഭയിൽ ഒരു പ്രതിപക്ഷ എംഎൽഎയുടെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ പരാതി നൽകി യൂത്ത് ലീഗ്. പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയാണ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെയാണ് എട്ടു മുക്കാലട്ടി വച്ചതുപോലെ എന്ന് മുഖ്യമന്ത്രി പരിഹസിച്ചത്.
ഇത് സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയിരുന്നു.പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. പ്രതിപക്ഷ പ്രതിഷേധത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വനിതാ വാച്ച് ആൻ്റ് വാർഡിനെ വരെ പ്രതിപക്ഷം ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇതിനിടയിലാണ് എന്റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട് എന്നു പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന പ്രയോഗം.
നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു പ്രതിപക്ഷ എംഎൽഎയെ പരാമർശിക്കുന്നതിനിടെയാണ് സംഭവം. പ്രതിപക്ഷാംഗത്തെ കളിയാക്കാനായി പേരുപറയാതെ ‘എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ’ എന്ന പ്രയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. “പൂർണ്ണമായി വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരാൾ” എന്നർഥം വരുന്ന പരാമർശത്തിന് പിന്നാലെ ഡസ്കിലടിച്ച് പ്രതിപക്ഷം പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഉയര കുറവിനെ പരിഹസിച്ചതാണെന്നാണ് പ്രതിപക്ഷ ആക്ഷേപം. അതിനാൽ പ്രയോഗം നീക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. അതേസമയം പ്രതിപക്ഷ അംഗത്തിന്റെ ഉയരം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയത് ബോഡി ഷെയ്‌മിങ് ആണെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
















