കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും സംസ്ഥാനത്ത് മഴയ്‌ക്ക് കാരണമാണ്. നിലവിൽ അടുത്ത അഞ്ച് ദിവസത്തേയ്‌ക്കുള്ള മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ന് അഞ്ച് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. ഇതിന് പുറമെ ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും കടലിൽ പോകുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
















