കോഴിക്കോട് : താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിയ സംഭവത്തില്‍ കൂസലില്ലാതെ പ്രതി സനൂപ്. ഡോക്ടറിനുളള വെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും സമര്‍പ്പിക്കുന്നുവെന്നായിരുന്നു സനൂപ് പ്രതികരിച്ചത്.
താമരശേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.ഇതിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തി.
അതേസമയം താമരശേരി താലൂക്ക് ആശുപത്രിയില്‍ വെട്ടേറ്റ ഡോ. വിപിന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഡോ വിപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ ഡോ. കെ രാജാറാം പറഞ്ഞു.
താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോ. വിപിന്റെ തലയ്‌ക്കാണ് വെട്ടേറ്റത്. താമരശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒന്‍പതുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്നാണ് ആരോപണം. മകളെ കൊന്നില്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.രണ്ട് മക്കളുമായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.
കുട്ടികളെ പുറത്ത് നിര്‍ത്തിയാണ് സൂപ്രണ്ടിന്റെ മുറിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് ഇയാള്‍ എത്തിയെങ്കിലും ആ സമയം സൂപ്രണ്ട് മുറിയില്‍ ഇല്ലായിരുന്നു. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.
















