ചെങ്ങന്നൂർ: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അയ്യപ്പ വിശ്വാസികൾക്ക് വേദനയുണ്ടെന്ന് തന്ത്രി കണ്ഠരര് രാജീവര്. ദ്വാരപാലക ശില്‍പത്തിലെ പാളികള്‍ അറ്റകുറ്റപ്പണി ചെയ്യണമെന്ന് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടതല്ല. ഇതുമായി ബന്ധപ്പെട്ട് എനിക്ക് ഇങ്ങോട്ട് കത്ത് നല്‍കിയപ്പോള്‍ അതിന് മറുപടി കൊടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ അന്വേഷണ പരിധിയില്‍ നില്‍ക്കുന്ന കാര്യമാണ്. കൂടുതല്‍ ഒന്നും പറയാനില്ല. വിജയ് മല്യ ശബരിമലയില്‍ സമര്‍പ്പിച്ചത് സ്വര്‍ണം തന്നെയെന്നും കണ്ഠരര് രാജീവര് വ്യക്തമാക്കി. അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോഴും സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്. കൂടാതെ എല്ലാം സ്വർണം തന്നെയാണ്, ചെമ്പല്ല. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണ്ണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശില്പങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണ്. 2019ൽ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വർണം പൂശാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
















