കൊച്ചി: ബസ് യാത്രയ്‌ക്ക് അധിക നിരക്ക് വാങ്ങിയ കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മണ്ണൂര്‍ സ്വദേശിയായ എസ്. ശ്രീനാഥിന്‌റെ പരാതിയില്‍ കോലഞ്ചേരി പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാര്‍ത്ത ബസിലെ കണ്ടക്ടര്‍ എല്‍ദോ വര്‍ഗീസിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ബസ് ഉടമ മാപ്പെഴുതിയ നല്‍കിയതിനാല്‍ പെര്‍മിറ്റ് സസ്‌പെന്‍ഷന്‍ നടപടി ഒഴിവാക്കി.
കോലഞ്ചേരിയില്‍ നിന്ന് മണ്ണൂര്‍ക്കുള്ള ടിക്കറ്റ് നിരക്കില്‍ 2 രൂപ കൂടുതല്‍ ഈടാക്കിയെന്നായിരുന്നു പരാതി. കോലഞ്ചേരിയില്‍ നിന്ന് 23 രൂപയാണ് മണ്ണൂര്‍ക്കുള്ള നിരക്ക്. എന്നാല്‍ ശ്രീനാഥില്‍ നിന്ന് 25 രൂപ വാങ്ങി. ആദ്യം പരാതി നല്‍കിയപ്പോള്‍ ടിക്കറ്റ് മെഷീന്‍ തകരാറിലാണെന്നാണ് പറഞ്ഞത്. പിന്നീടും കൂടിയ നിരക്ക് വാങ്ങിയതോടെ മൂവാറ്റുപുഴ ആര്‍.ടി.ഒയ്‌ക്ക് പരാതി നല്‍കുകയായിരുന്നു.
















