തിരുവനന്തപുരം: കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് കാന്‍സല്‍ ചെയ്യാനുള്ള നടപടികളിലേക്ക് തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കടന്നതോടെ ആ കമ്പനിയുടെ എല്ലാ മരുന്നുകളുടേയും വിതരണം കേരളത്തില്‍ നിര്‍ത്തിവയ്‌പ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മിച്ച റെസ്പിഫ്രഷ് ടി ആര്‍ സിറപ്പ് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ച സാഹചര്യത്തില്‍ ഈ മരുന്നിന്റെ വിതരണവും വില്‍പ്പനയും നിര്‍ത്തിവയ്‌പ്പിച്ചു. ഈ മരുന്ന് വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുതെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
















