പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ 1998ല്‍ സ്വര്‍ണം പൊതിഞ്ഞ് സമര്‍പ്പിച്ചത് സംബന്ധിച്ച് തിരുവാഭരണ രജിസ്റ്ററില്‍ കൃത്യമായ കണക്കു രേഖപ്പെടുത്തിയിട്ടില്ലെന്ന് സൂചന. 31.25 കിലോ സ്വര്‍ണമുപയോഗിച്ചാണ് ശ്രീകോവിലും കലശക്കുടങ്ങളും രണ്ട് തൂണും സ്വര്‍ണം പൊതിഞ്ഞതെന്ന് യുബി ഗ്രൂപ്പ് വ്യക്തമാക്കുന്നു.
എന്നാല്‍ ശ്രീകോവില്‍ മേല്‍ക്കൂര, പാനലുകളായി തിരിച്ചു സ്വര്‍ണം പൊതിഞ്ഞ പാര്‍ശ്വ ഭിത്തികള്‍, ദ്വാരപാലക ശില്‍പങ്ങള്‍, സോപാനം അലങ്കരിക്കുന്ന രണ്ട് ആനകള്‍, തൂണുകള്‍, കവാടം, കതക്, കലശക്കുടങ്ങള്‍ എന്നിവയില്‍ ഓരോന്നിലും എത്ര പവന്‍, എത്ര ഗ്രാം വീതം സ്വര്‍ണമുപയോഗിച്ചെന്ന കണക്കാണ് ഇല്ലാത്തത്. നാലാം നമ്പര്‍ തിരുവാഭരണ രജിസ്റ്ററില്‍ ഇതു പ്രത്യേകം ചേര്‍ക്കാതിരുന്നതാണ് ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പുകാര്‍ അവസരമാക്കിയത്.
ദ്വാരപാലക ശില്‍പങ്ങളില്‍ അഞ്ച്കിലോ സ്വര്‍ണമെങ്കിലും ഉപയോഗിച്ചിരിക്കാമെന്നാണ് യുബി ഗ്രൂപ്പിനായി ശ്രീകോവില്‍ പരിശോധിച്ച തമിഴ്‌നാട് സ്വദേശി സെന്തില്‍ നാഥിന്റെ അനുമാനം. രണ്ട് ശില്‍പങ്ങളും കൂടി സ്വര്‍ണം പൊതിയാന്‍ അത്രയെങ്കിലും വേണ്ടിവരുമെന്നാണ് ഈ രംഗത്തെ മറ്റു വിദഗ്ധരുടെയും അഭിപ്രായം. എന്നാല്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ 1.5 കിലോ സ്വര്‍ണമേ ദ്വാരപാലക ശില്‍പത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമല്ല.
ക്ഷേത്ര വാതിലുകള്‍ പൊതിയാന്‍ ഏകദേശം നാലര കിലോ സ്വര്‍ണം ഉപയോഗിച്ചിരിക്കാമെന്നും സെന്തില്‍ നാഥന്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ അതിനും തിരുവാഭരണ രജിസ്റ്ററില്‍ കൃത്യമായ അളവില്ല. ഈ പഴുതുപയോഗിച്ചാണ് വാതിലും കതകും ദ്വാരപാലക ശില്‍പത്തിലെ പാളികളും ദേവസ്വം ഉന്നതരുടെ ഒത്താശയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അഴിച്ചെടുത്തു കൊണ്ടുപോയതെന്ന് കരുതണം.
ദേവനു സമര്‍പ്പിക്കുന്ന സ്വര്‍ണ നിര്‍മിത വസ്തുക്കള്‍, ഓട്, ചെമ്പ്, വെള്ളി, വിളക്ക് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അപ്പോള്‍ത്തന്നെ കൃത്യമായി തിരുവാഭരണ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇതു നടക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ചുമതല തിരുവാഭരണ കമ്മിഷണറുടേതാണ്.
തിരുവാഭരണ രജിസ്റ്ററില്‍ ക്ഷേത്രത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞെന്നുപോലും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. ക്ഷേത്ര മുതല്‍ കടത്താനും സ്വര്‍ണം ചെമ്പാക്കാനും ദേവസ്വം അധികൃതരെ പ്രേരിപ്പിച്ചതും രജിസ്റ്ററില്‍ മുമ്പുവരുത്തിയ ഈ പിഴവാകാം.















