കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു.
സൈബര്‍ ടീം അടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അന്വേഷണം രഹസ്യമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഗുരുതര കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വാകത്താനം സിഐ അനീഷ് ജോയ്, കൈപ്പമംഗലം സിഐ ബിജു രാധാകൃഷ്ണന്‍, കൊച്ചി സൈബര്‍ ലീസ് സി ഐ സുനില്‍ കുമാര്‍, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശശിധരന്‍ എന്നിവരാണ് സംഘത്തില്‍. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
2019ല്‍ 14 ചെമ്പുപാളികളാണ് സ്വര്‍ണം പൂശാന്‍ നല്‍കിയതെന്ന കരാറുകാരന്റെ മൊഴിയാണ് വിവാദമായത്. ദ്വാരപാലക ശില്പത്തില്‍നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി പാളികള്‍ ഇളക്കിയെടുത്തപ്പോള്‍ ദേവസ്വം മഹസറില്‍ ചെമ്പ് പാളികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു ശരിയല്ലെന്നും സ്വര്‍ണപ്പാളികള്‍ തന്നെയാണ് കൊടുത്തുവിട്ടതെന്നും അന്ന് ശബരിമലയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.
42.8 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പാളികള്‍ തിരികെ എത്തിയപ്പോള്‍ 4.41 കിലോഗ്രാം കുറഞ്ഞുവെന്നാണ് പറയുന്നത്. ദേവസ്വം പ്രതിനിധി പോലുമില്ലാതെയാണ് കരാറുകാരനായ ഉണ്ണിക്കൃഷ്ണന്‍ പാളികളുമായി ചെന്നൈയിലേക്ക് പോയത്. 39 ദിവസങ്ങള്‍ക്കുശേഷമാണ് ഈ പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനത്തിലെത്തിയത്. തങ്ങള്‍ക്കു ലഭിച്ചത് ചെന്പുപാളികളാണെന്നും അതില്‍ സ്വര്‍ണം പൂശുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സ്ഥാപനം വിശദീകരിച്ചിട്ടുണ്ട്. ഇത് ദേവസ്വം ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുമുണ്ട്.
ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാനായി പുറത്തു കൊണ്ടുപോയത് ആരുടെ അനുമതിയോടെയെന്നും വ്യക്തമല്ല. ദേവസ്വം ചട്ടപ്രകാരം ഇതു സാധ്യമല്ല. ഇക്കാര്യം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും സാക്ഷ്യപ്പെടുത്തുന്നു. പാളികള്‍ക്ക് 40 വര്‍ഷം വാറന്റിയുള്ളതാണെന്നും ചെന്നൈയില്‍ സ്വര്‍ണ പൂശിയ സ്ഥാപനംതന്നെ ഇതു ശരിയാക്കി നല്‍കുമെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞതു പ്രകാരമാണ് കൊടുത്തുവിട്ടതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
ഇതോടെയാണ് അന്വേഷണം ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വംമന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
















