പോര്‍ട്ട് ബ്ലെയര്‍: ഭാരതത്തിലെ ഏക ചെളി (മഡ് വോള്‍ക്കാനോ) അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ബരാത്താങില്‍ 20 വര്‍ഷത്തിലധികമായി നിഷ്‌ക്രിയമായിരുന്ന അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അവസാനമായി 2005 ലാണ് ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. പോര്‍ട്ട് ബ്ലെയറില്‍ നിന്നും 150 കി.മി അകലെയാണ് ബരാത്താങ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇവിടെ വിനോദസഞ്ചാരം നിരോധിച്ചിരിക്കുകയാണ്.
അഗ്നിപര്‍വ്വതങ്ങള്‍ ലാവ പുറന്തള്ളുമ്പോള്‍, മഡ് വോള്‍ക്കാനോ ചെളിയും മണ്ണും വെള്ളവുമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അപൂര്‍വമായി പ്രകൃതി വാതകവും പുറത്തേക്ക് വരാറുണ്ട്. ഭൂമിയുടെ ഉള്ളിലെ അഴുകിയ ജൈവവസ്തുക്കളില്‍ നിന്നുള്ള വാതകങ്ങള്‍ ചേര്‍ന്നാണ് ചെളി അഗ്നിപര്‍വ്വതം രൂപപ്പെടുന്നത്. ഇത് ചെളിയും വാതകവും ഉപരിതലത്തിലേക്ക് തള്ളിവിടുന്നു. അവ കുമിളകളും ഗര്‍ത്തങ്ങളും സൃഷ്ടിക്കുന്നു. അഗ്നിപര്‍വതങ്ങളെ പോലെ തീയോ ചൂടോ പുകയോ ഇവയ്‌ക്ക് ഉണ്ടാകാറില്ല.
















