ന്യൂദല്‍ഹി: സ്വാശ്രയഭാരതം കെട്ടിപ്പടുക്കുന്നതില്‍ നൈപുണ്യ വികസനത്തിന് മുഖ്യപങ്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നവോദയ വിദ്യാലയങ്ങളിലും ഏകലവ്യ മോഡല്‍ സ്‌കൂളുകളിലുമായി 1,200 നൈപുണ്യ ലാബുകളും ഐടിഐകളെ വ്യവസായങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പിഎം സേതു പദ്ധതിയും പ്രധാനമന്ത്രി ചടങ്ങില്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു.
ഐടിഐകള്‍ വ്യാവസായിക വിദ്യാഭ്യാസത്തിനുള്ള മികച്ച സ്ഥാപനങ്ങള്‍ മാത്രമല്ല, സ്വയംപര്യാപ്ത ഭാരതത്തിന്റെ ശില്പശാല കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് അവയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം നവീകരിക്കുന്നതിലും കേന്ദ്രം തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിഎം സേതു (പ്രധാനമന്ത്രി സ്‌കില്ലിംഗ് ആന്‍ഡ് എംപ്ലോയബിലിറ്റി ട്രാന്‍സ്ഫോര്‍മേഷന്‍ ത്രൂ അപ്ഗ്രേഡഡ് ഐടിഐ) പദ്ധതിയിലൂടെ ഐടിഐകളില്‍ ആധുനിക യന്ത്രസാമഗ്രികള്‍, വ്യവസായ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനം, പരിഷ്‌കരിച്ച പാഠ്യപദ്ധതികള്‍ എന്നിവ സജ്ജമാക്കും. 200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളും ഉള്‍പ്പെടുന്ന ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയില്‍ രാജ്യത്തുടനീളമുള്ള 1,000 ഗവ. ഐടിഐകളെ നവീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി 400 നവോദയ വിദ്യാലയങ്ങളിലും 200 ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും സ്ഥാപിച്ച 1,200 നൈപുണ്യ ലാബുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബിഹാറിലെ, പുതുക്കിയ മുഖ്യമന്ത്രി നിശ്ചയ് സ്വയംസഹായ ഭട്ട യോജനയ്‌ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പദ്ധതിയിലൂടെ ഏകദേശം അഞ്ച് ലക്ഷം ബിരുദധാരികളായ യുവാക്കള്‍ക്ക് വര്‍ഷംതോറും രണ്ട് വര്‍ഷത്തേക്ക് ആയിരം രൂപ പ്രതിമാസ അലവന്‍സും സൗജന്യ നൈപുണ്യ പരിശീലനവും ലഭിക്കും. ഐടിഐകളില്‍ നിന്നും അഖിലേന്ത്യാ തലത്തില്‍ ഉന്നതവിജയം കൈവരിച്ച 46 പേരെ പ്രധാനമന്ത്രി അനുമോദിച്ചു. കേന്ദ്രമന്ത്രി ജയന്ത് ചൗധരിയും ചടങ്ങില്‍ സന്നിഹിതനായി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രിമാരായ ജുവല്‍ ഓറം, രാജീവ് രഞ്ജന്‍ സിങ്, സുകാന്ത മജുംദാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചടങ്ങിന്റെ ഭാഗമായി.
















