ലക്നൗ : ഉത്തർപ്രദേശിലെ സാംബാൽ അസ്മോലി പ്രദേശത്തെ റായ ബുസുർഗ് ഗ്രാമത്തിൽ നിർമ്മിച്ച മസ്ജിദ് മുസ്ലീങ്ങൾ തന്നെ പൊളിച്ചു നീക്കി. സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച പള്ളിയാണ് മുസ്ലീം സമുദായത്തിലെ അംഗങ്ങൾ തന്നെ പൊളിച്ചുമാറ്റിയത് . നാല് ദിവസത്തിനുള്ളിൽ കയ്യേറ്റ ഭൂമി ഒഴിപ്പിക്കണമെന്നും അല്ലെങ്കിൽ ബുൾഡോസർ നടപടി നേരിടേണ്ടിവരുമെന്നും യോഗി സർക്കാർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് മസ്ജിദ് പൊളിച്ചു നീക്കിയത് .
വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷമാണ് സമുദായ അംഗങ്ങൾ ഒത്തു ചേർന്ന് മസ്ജിദ് പൊളിച്ചത് . ഏകദേശം 510 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സർക്കാർ ഭൂമിയിലാണ് പള്ളി അനധികൃതമായി നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ 2 ന് പോലീസിന്റെയും ഭരണ ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘം പ്രദേശം സന്ദർശിക്കുകയും വ്യത്യസ്ത സർക്കാർ പ്ലോട്ടുകളിൽ അനധികൃതമായി നിർമ്മിച്ച രണ്ട് വിവാഹ ഹാളുകൾ പൊളിച്ചുമാറ്റുകയും ചെയ്തു. അന്ന് തന്നെ നാല് ദിവസത്തിനുള്ളിൽ പള്ളിയും നീക്കം ചെയ്യേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
തുടർന്ന് ഗത്യന്തരമില്ലാതെ ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലോ അസ്വസ്ഥതയോ ഒഴിവാക്കാൻ, ഗ്രാമവാസികൾ കമ്മ്യൂണിറ്റി യോഗം ചേർന്ന് പള്ളി സ്വയം പൊളിച്ചുമാറ്റുകയായിരുന്നു . വെള്ളിയാഴ്ച ജുമുഅ നമസ്കാരം നടത്തിയ ഉടൻ, പ്രദേശത്തെ പുരുഷന്മാർ ചുറ്റികകളും ഉപകരണങ്ങളുമായി ഒത്തുകൂടി മതിലുകൾ പൊളിക്കാൻ തുടങ്ങി. സംഘർഷം ഒഴിവാക്കാൻ സ്വമേധയാ സ്വീകരിച്ച നടപടിയെന്നാണ് നാട്ടുകാർ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
















