ചെന്നൈ: കരൂരില്‍ റാലിയ്‌ക്കിടയില്‍ 41 പേര്‍ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ വിജയിന്റെ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. മാത്രമല്ല, റാലി നടന്ന സ്ഥലത്ത് ദുരന്തമുണ്ടായപ്പോള്‍ വിജയ് അവിടെ നിന്നും മാറി നിന്നും എന്നും ഹൈക്കോടതി വിമര്‍ശിച്ചു.
അതുപോലെ തന്നെ, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും കോടതി സ്റ്റാലിന്റെ പൊലീസിനെ വിമര്‍ശിച്ചു. റാലി സംഘടിപ്പിച്ച വിജയിന്റെ പാര്‍ട്ടി അതിനാവശ്യമായ ഉത്തരവാദിത്വം പ്രകടിപ്പിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു.
മാത്രമല്ല, രാഷ്‌ട്രീയ റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നത് സംബന്ധിച്ച് ഒരു രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കേണ്ടതുണ്ടെന്നും അതിന് ശേഷം മാത്രമേ രാഷ്‌ട്രീയ റാലികള്‍ക്ക് അനുമതി കൊടുക്കേണ്ടതുള്ളൂ െന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിശോധിച്ചുവരികയാണ്.
വിജയിന്റെ പാര്‍ട്ടിയായ ടിവികെ(തമിഴ് വെട്രി കഴകം) യുടെ രണ്ട് നേതാക്കളായ ആനന്ദ്, നിര്‍മ്മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മദ്രാസ് ഹൈക്കോടതി വിധി പറയാതെ മാറ്റിവെച്ചിരിക്കുകയാണ്. ഈ നേതാക്കള്‍ക്ക് സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഉപദ്രവിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നുവെന്നും അതിനാല്‍ മനപൂര്‍വ്വമുള്ള നരഹത്യയുടെ പേരില്‍ ഇവരെ ശിക്ഷിക്കരുതെന്നും ഇവര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.രാഘവാചാരി വാദിച്ചു. ആള്‍ക്കൂട്ടം ചിതറിയോടിയത് പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജ് കാരണമാണെന്നും വി.രാഘവാചാരി ആരോപിച്ചു.
















