തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ കേരള പോലീസിന്റെ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന വ്യാപകമാക്കുന്നു. അടുത്തിടെ ഏഴ് ദിവസം നീണ്ട പരിശോധനയില്‍ 29,301 വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി. ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്.
ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു. റോഡ് സുരക്ഷാ മാനേജെന്റിന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായി, പൗരന്മാര്‍ക്ക് നിയമലംഘനങ്ങള്‍ വാട്ട്‌സ്ആപ്പ് നമ്പര്‍ 9747001099-ലേക്ക് അറിയിക്കാം.
അനധികൃത പാര്‍ക്കിംഗ് ഗതാഗതക്കുരുക്കിന് മാത്രമല്ല പലപ്പോഴും ദേശീയപാതകളില്‍ നടക്കുന്ന അപകടങ്ങളില്‍പ്പെടുന്നവരെ കൃത്യസമയത്ത് അടിയന്തിര ചികിത്സയ്‌ക്കായി ആശുപത്രിയില്‍ എത്തിക്കുന്നതിനും ഭീഷണിയാകാറുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ പാര്‍ക്കിംഗിന് ബദല്‍ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. നഗരങ്ങളിലും മറ്റും ആവശ്യത്തിന് വാഹന പാര്‍ക്കിംഗ് സംവിധാനം ഒരുക്കണമെന്ന് നാളുകളായി വാഹന ഉടമകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിനുള്ള നീക്കം സര്‍ക്കാരിന്‌റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന ആക്‌ഷേപം നിലനില്‍ക്കുന്നു.
















