കാലിഫോർണിയ: പ്രൈമറ്റോളജിസ്റ്റ്, നരവംശശാസ്ത്രജ്ഞ, പ്രകൃതി സംരക്ഷക എന്നീ നിലകളിൽ ലോകമെമ്പാടും പ്രശസ്തയായ ഡോ.ജെയ്ൻ ഗുഡാൾ അന്തരിച്ചു. 91-ാം വയസായിരുന്നു. അവരുടെ സ്ഥാപനമായ ‘ജെയ്ൻ ഗുഡാ ൾ ഇൻസ്റ്റിറ്റ്യൂട്ട്’ ആണ് മരണ വിവരം പുറത്തുവിട്ടത്. യുഎസ് പര്യടനത്തിനിടെ കാലിഫോർണിയയിൽ വച്ചായിരുന്നു അന്ത്യം. ചിമ്പാൻസികളെക്കുറിച്ചുള്ള വിപ്ലവകരമായ ഗവേഷണങ്ങളിലൂടെയാണ് ഗുഡാൾ ലോകമെമ്പാടും അറിയപ്പെടുന്നത്.
1960കളിൽ തന്റെ 26-ാം വയസിൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം നാഷണൽ പാർക്കിൽ വച്ച് ചിമ്പാൻസികളുടെ സാമൂഹിക പെരുമാ റ്റത്തെക്കുറിച്ച് അവർ നടത്തിയ പഠനങ്ങളാണ് മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിൽ വലിയ മാറ്റം വരുത്തിയത്.

ചിമ്പാൻസികൾക്കും മനുഷ്യർക്കും തമ്മിലുള്ള സാമ്യങ്ങളെക്കുറിച്ചുള്ള ഗൂഡാളിന്റെ കണ്ടെത്തലുകളും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. റൂട്ട്സ് & ഷൂട്ട്സ് പോലുള്ള പരിപാടികളിലൂടെ യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് ആകർഷിക്കുന്നതിൽ അവർ വലിയ പങ്കുവഹിച്ചു. 2002ൽ ഐക്യരാഷ്‌ട്രസഭയുടെ മെസഞ്ചർ ഓഫ് പീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ലോകമെമ്പാടുമുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കായി ജെയ്ൻ അവസാനകാലംവരെയും പ്രവർത്തിച്ചിരുന്നു.
യുഎസിലെ പ്രഭാഷണ പര്യടനത്തിനിടെ കാലിഫോർണിയയിൽവെച്ച് അസുഖങ്ങളെ തുടർന്നാണ് ഡോ. ഗുഡാൾ അന്തരിച്ചതെന്ന് ജെയ്ൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അവരുടെ കണ്ടെത്തലുകൾ വിപ്ലവം സൃഷ്ടിച്ചുവെന്നും ലോകത്തിന്റെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും വേണ്ടി അക്ഷീണം പ്രയത്‌നിച്ച വക്താവായിരുന്നു അവരെന്നും ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.
അതേസമയം ഡോ. ഗുഡാളിന്റെ വിയോഗത്തിൽ ഐക്യരാഷ്‌ട്രസഭ അനുശോചനം രേഖപ്പെടുത്തി. ‘നമ്മുടെ ഗ്രഹത്തിനും അതിലെ എല്ലാ ജീവജാലങ്ങൾക്കും വേണ്ടി അവർ അക്ഷീണം പ്രയത്‌നിച്ചു. മനുഷ്യരാശിക്കും പ്രകൃതിക്കും അസാധാരണമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചു.’ യുഎൻ പ്രസ്താവനയിൽ പറഞ്ഞു. അവരുടെ മരണത്തിൽ ഹൃദയം തകർന്നുവെന്നാണ് ഗ്രീൻപീസ് വിശേഷിപ്പിച്ചത്. നമ്മുടെ കാലത്തെ യഥാർത്ഥ സംരക്ഷകരിൽ ഒരാൾ എന്ന് ഗുഡാളിനെ അവർ വിശേഷിപ്പിച്ചത്.











