കണ്ണൂർ: കണ്ണൂർ ചെറുകുന്ന് തറയിൽ ബിജെപി പ്രാദേശിക നേതാവ് വിജു നാരായണന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചയാണ് ആക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് വിജു പറഞ്ഞു. അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് ശേഖരം പൊട്ടിത്തെറിച്ച് കഴിഞ്ഞമാസം ഒരാൾ മരിച്ച പ്രദേശമാണിത്.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് വിജു നാരായണന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായത്. വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തേക്ക് വന്നത്. അപ്പോൾ ജനലിന്റെ പാളി തകർന്നിട്ടുണ്ടായിരുന്നു. കൂടാതെ, വീടിന്റെ പരിസരത്തുനിന്നും ബോംബിന്റെ ചില അവശിഷ്ടങ്ങളും കണ്ടെത്തി.
പ്രദേശത്ത് വലിയ രാഷ്‌ട്രീയ സംഘർഷങ്ങളൊന്നും നിലവിലില്ല. പക്ഷേ, കഴിഞ്ഞ ദിവസം ആർഎസ്എസിന്റെ നൂറാം വാർഷികത്തിന്റെ ഒരു ബാനര്‍ കീറി സിപിഎം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.















