തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ ദുരന്തമേഖലയില്‍ പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ 260.65 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തങ്ങള്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദേശീയ ദുരന്തമായി വിജ്ഞാപനം ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ 2262 കോടി രൂപയുടെ മെമ്മോറാണ്ടം സമര്‍പ്പിച്ചു. 260.65 കോടി രൂപയുടെ ധനസഹായം കേന്ദ്രം അനുവദിച്ചെങ്കിലും തുക കിട്ടിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സൈന്യം അടക്കമുള്ള കേന്ദ്ര സേനകള്‍ ദുരന്തമുഖത്ത് പ്രവര്‍ത്തിക്കുകയും സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
ടൗണ്‍ഷിപ്പ് ജനു. 26ന് പൂര്‍ത്തിയാകും
തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും 2026 ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിന്ന് ഏറ്റെടുത്ത 64.4705 ഹെക്ടര്‍ ഭൂമിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതിന് സമ്മതപത്രം സമര്‍പ്പിച്ച 104 ഗുണഭോക്താക്കള്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മദ്യ ഉപയോഗം കുറയുന്നതായി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപയോഗം കുറയുന്നതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ പറഞ്ഞു. 2024-25ല്‍ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞു. 228.60 കെയ്‌സ് മദ്യമാണ് 2024-25ല്‍ വിറ്റത്. ഇത് മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് കുറവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ ഉപയോഗം കുറഞ്ഞതായാണ് കാണിക്കുന്നത്. കേരളത്തില്‍ ഉള്ളതിനെക്കാള്‍ 10 ഇരട്ടി ഔട്ട്‌ലെറ്റുകള്‍ തമിഴ്‌നാട്ടിലും 15 ഇരട്ടി ഔട്ട്‌ലെറ്റുകള്‍ കര്‍ണാടകയിലും ഉണ്ട്.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനായി 2016 ല്‍ വിമുക്തി മിഷന്‍ രൂപീകരിച്ചു. വിമുക്തി മിഷന്റെ കീഴില്‍ തിരുവനന്തപുരം, എറണാകുളം കോഴിക്കോട് എന്നിവിടങ്ങളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. ചെറിയ പ്രായം മുതല്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനായി പ്രൈമറി തലത്തിലെ കുട്ടികളുടെ രക്ഷിതാക്കളെയും അദ്ധ്യാപകരെയും ഉള്‍പ്പെടുത്തി ബാല്യം അമൂല്യം എന്ന് പദ്ധതി 140 സ്‌കൂളുകളില്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയില്‍ 9414.43 കോടിയുടെ ഭരണാനുമതി: മന്ത്രി
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ വിവിധ വകുപ്പുകള്‍ മുഖാന്തരമുള്ള ധനസഹായത്തോടെ 98 പദ്ധതികള്‍ക്കായി 9414.42 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഈ പദ്ധതിക്കായി കിഫ്ബിയില്‍ നിന്ന് നാളിതുവരെ 2267.1 കോടി രൂപ ചെലവഴിച്ചു. ആര്‍സിസിസിയില്‍ പശ്ചാത്തല വികസനത്തിനായി 17518.15 ലക്ഷം രൂപയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വഴി റോബോട്ടിക് സര്‍ജറി യൂണിറ്റ് സ്ഥാപിക്കുന്നതിനായി ആകെ 3214.99 ലക്ഷം രൂപയും ചിലവഴിച്ചതായും മന്ത്രി പറഞ്ഞു.
















