ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ക്വെറ്റ സൈനിക ആസ്ഥാനത്ത് ഉഗ്ര സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ ശക്തമായ വെടിവെപ്പും നടന്നു. സ്ഫോടനത്തിലും വെടിവെപ്പിലും ആയി സൈനികരടക്കം നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിലെ ആശുപത്രികളിൽ മൃതദേഹങ്ങൾ നിറഞ്ഞതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചാവേർ ആക്രമണമാണ് ഉണ്ടായതെന്ന് സൈന്യം വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ബലൂച് വിമതരെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ തകർന്നുവെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം മോഡൽ ടൗണിൽ നിന്ന് എഫ്‌സി ആസ്ഥാനത്തിന് സമീപമുള്ള ഹാലി റോഡിലേക്ക് തിരിയുമ്പോഴാണ് സ്‌ഫോടനം നടന്നതെന്ന് ക്വറ്റയിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) മുഹമ്മദ് ബലോച്ചിനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബലൂചിസ്ഥാൻ ആരോഗ്യമന്ത്രി ബഖ്ത് മുഹമ്മദ് കക്കർ നഗരത്തിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, സ്റ്റാഫ് നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരോട് എത്രയും പെട്ടെന്ന് ഡ്യൂട്ടിക്ക് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരണസംഖ്യ വലിയതോതിൽ ഉയരുമെന്നാണ് സൂചന.
പോലീസും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി, സുരക്ഷാ സേന പ്രദേശം വളഞ്ഞു. ഫ്രോണ്ടിയർ കോർപ്‌സിലെ (എഫ്‌സി) ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
















