2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചൂലെടുത്ത് ദല്‍ഹിയിലെ തെരുവുകള്‍ അടിച്ചുവാരിയ ആ നിമിഷം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആ പ്രവൃത്തി കേവലം പ്രതീകാത്മമായിരുന്നില്ല ശുചിത്വപൂര്‍ണ്ണമായ ഭാരതം എന്ന ദൗത്യം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് എല്ലാ പൗരന്മാരും അത് വ്രതമായി സ്വീകരിക്കണം എന്നതിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലായിരുന്നു.
ശുചിത്വപൂര്‍ണ്ണമായ ഭാരതം കൂട്ടായ ഉത്തരവാദിത്തമാണ്. ശുചിത്വത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയതിലാണ് സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ യഥാര്‍ത്ഥ ശക്തി കുടികൊള്ളുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയും, കച്ചവടക്കാര്‍ മുതല്‍ വയലേലകളിലും ഫാക്ടറികളിലും പണിയെടുക്കുന്ന ഓരോ പൗരനെയും ‘സഫായ് മിത്ര’ങ്ങളാക്കി ഇത് മാറ്റി. കോടിക്കണക്കിന് ആളുകള്‍ ചൂലെടുത്തതോടെ, ശുചിത്വം ഒരു സര്‍ക്കാര്‍ പരിപാടി എന്നതില്‍ നിന്ന് അന്തസ്സിന്റെയും ആരോഗ്യത്തിന്റെയും അഭിമാനത്തിന്റെയും വ്യക്തിഗത പ്രതിജ്ഞയായി മാറി.
ഈ ദര്‍ശനം ഒരു യഥാര്‍ത്ഥ ജനകീയ പ്രസ്ഥാനത്തിന് തിരികൊളുത്തി. ശുചിത്വം എന്നത് ആദരവിന്റെയും ആത്മാഭിമാനത്തിന്റെയും വിഷയമായി മാറി. മോദിയുടെ ‘നാ ഗന്ധഗി കരേംഗേ, നാ കര്‍നേ ദേംഗേ’, ‘സ്വച്ഛതാ ഹീ സേവ’ എന്നീ ആഹ്വാനങ്ങള്‍ രാജ്യമെമ്പാടുമുള്ള പൗരന്മാരെ കര്‍മ്മനിരതരാക്കി. സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിച്ച ദൗത്യം, വളരെപ്പെട്ടെന്ന് ജീവിത ശൈലീ പരിവര്‍ത്തനത്തിന്റെ അസാധാരണമായ തരംഗത്താല്‍ നയിക്കപ്പെടുന്ന, ഓരോ തെരുവിന്റെയും, ഓരോ അയല്‍പക്കത്തിന്റെയും, ഓരോ വീടിന്റെയും അഭിമാനമായി മാറി.
2014ല്‍ 40 ശതമാനത്തില്‍ താഴെ വീടുകളില്‍ മാത്രമേ ശൗചാലയങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, മോദിയുടെ നേതൃത്വവും ജനപങ്കാളിത്തവും മൂലം, 12 കോടിയിലധികം കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ ലഭ്യമായി. സ്വച്ഛ് ഭാരത് ദൗത്യത്തിലൂടെ ഭാരതത്തെ വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിച്ചു. ‘ഹര്‍ ഘര്‍ ശൗചാലയ’ എന്ന മുദ്രാവാക്യം ഇന്നൊരു വാഗ്ദാനമല്ല, അതൊരു യാഥാര്‍ത്ഥ്യമാണ്. കോടിക്കണക്കിന് വനിതകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയും അന്തസ്സും പ്രദാനം ചെയ്യുന്നു, ഒപ്പം മെച്ചപ്പെട്ട ആരോഗ്യവും ഉറപ്പാക്കി. വെളിയിട വിസര്‍ജ്ജനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കുറഞ്ഞതിനാല്‍ ഏകദേശം 3 ലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഒഡിഎഫ് പദവി നിലനിര്‍ത്തുന്നതിലേക്കും സമഗ്രമായ ഖര, ദ്രവ മാലിന്യ പരിപാലനം, മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം എന്നിവയിലേക്ക് ദൗത്യം ഇപ്പോള്‍ വികസിച്ചിരിക്കുന്നു. പൗരന്മാര്‍ക്കിടയില്‍ ‘സ്വച്ഛ്’ പെരുമാറ്റം സ്ഥാപനവത്ക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ‘മാലിന്യ മുക്ത’ പദവി കൈവരിക്കുക എന്നതാണ് സ്വച്ഛ ഭാരത് ദൗത്യം നഗരം 2.0 മുന്നോട്ടു വയ്‌ക്കുന്ന ദര്‍ശനം.
സ്വച്ഛ് ഭാരത് ദൗത്യത്തെ ശൗചാലയങ്ങള്‍ക്കും തെരുവുകള്‍ക്കും അപ്പുറത്തേയ്‌ക്ക് വികസിപ്പിക്കാന്‍ കഴിഞ്ഞതിലാണ് മോദിയുടെ പ്രതിഭ വെളിപ്പെടുന്നത്. ആത്മാഭിമാനത്തെയും സംസ്‌കാരത്തെയും രാജ്യത്തിന്റെ ആത്മാവിനെയും സംബന്ധിക്കുന്ന ഒന്നായി അതിനെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ ശൗചാലയങ്ങള്‍ ഉറപ്പാക്കുന്ന സ്വച്ഛ് വിദ്യാലയ അഭിയാന്‍ മുതല്‍ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ആരംഭിച്ച രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്രം വരെ, ഓരോ സംരംഭവും പൗരന്മാരെ പ്രചോദിപ്പിക്കുന്നു. പ്ലാസ്റ്റിക് രഹിതമാകുമ്പോഴാണ് ഉത്സവങ്ങള്‍ക്ക് പകിട്ടേറുന്നത്, മാലിന്യങ്ങള്‍ അവശേഷിപ്പിക്കാതിരിക്കുമ്പോഴാണ് ആഘോഷങ്ങള്‍ ആനന്ദകരമാകുന്നത്, കൂടാതെ ഓരോ പൗരനും അവരുടെ ചെറിയ പ്രവൃത്തി വലിയ ദേശീയ അഭിമാനത്തിന് കാരണമാകുമെന്ന് മനസ്സിലാക്കുന്നു.
പ്രധാനമന്ത്രി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ ശ്രദ്ധേയമായ പ്രയാണത്തിന് നാം സാക്ഷ്യം വഹിച്ചു കോടിക്കണക്കിന് ശൗചാലയങ്ങള്‍ നിര്‍മിച്ചു, ഗ്രാമങ്ങളും നഗരങ്ങളും വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിച്ചു, പൗരന്മാര്‍ ശുചിത്വം കൂട്ടായ ഉത്തരവാദിത്തമായി സ്വീകരിച്ചു. ദൗത്യത്തിന്റെ ഈ ഘട്ടം, ദൃശ്യപരമായി വൃത്തിയായി കാണുന്നതിന് മാത്രമല്ല, മാലിന്യ സംസ്‌കരണത്തിന്റെയും മാലിന്യ നിര്‍മാര്‍ജനത്തിന്റെയും പ്രശ്നം പരിഹരിക്കുന്നതിനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശേഷി വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏറ്റവും വലിയ ശുചിത്വ സര്‍വ്വേയായ സ്വച്ഛ് സര്‍വേക്ഷണ്‍ പോലും ഇപ്പോള്‍ നഗര ശുചിത്വത്തെ അളക്കുന്നത് വീടുതോറുമുള്ള മാലിന്യ ശേഖരണം, കൈകാര്യം ചെയ്യല്‍, മാലിന്യ സംസ്‌കരണം എന്നിവയുടെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ്.
ശുചിത്വപൂര്‍ണവും പരിസ്ഥിതി സൗഹൃദവുമാകുമ്പോഴാണ് ആഘോഷങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താകുന്നതെന്ന് ഉത്സവകാലം ആരംഭിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നമ്മെ ഓര്‍മിപ്പിക്കുന്നു. സന്തോഷത്തിന്റെ ഓര്‍മകളാണ് ആഘോഷങ്ങള്‍ ബാക്കിയാക്കേണ്ടതെന്നും മറിച്ച് മാലിന്യക്കൂമ്പാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ചിന്തയുടെ അടിസ്ഥാനത്തില്‍ സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ ‘സ്വച്ഛോത്സവ്’ എന്ന ആശയത്തില്‍ ‘സ്വച്ഛതാ ഹി സേവ’ ആചരിക്കുന്നു. പ്ലാസ്റ്റിക് രഹിത ഗ്രാമങ്ങളും മാലിന്യരഹിത ആഘോഷങ്ങളും മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കുന്നതും പ്രോ
ത്സാഹിപ്പിച്ച് സുസ്ഥിരതയില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് സ്വച്ഛോത്സവം വിഭാവനം ചെയ്തിരിക്കുന്നത്. ശുചിത്വമെന്നത് കേവലം ഒരു ദിവസത്തെ പ്രയത്നമല്ലെന്നും മറിച്ച് ഭാവി തലമുറയോടുള്ള തുടര്‍ച്ചയായ ഉത്തരവാദിത്തമാണെന്നും ഈ പ്രചാരണം നമ്മെ ഓര്‍മിപ്പിക്കുന്നു.
പ്രധാനമന്ത്രി മോദിയുടെ പ്രത്യേക ആഹ്വാനപ്രകാരം പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ സപ്തംബര്‍ 25ന് സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ‘ഒരു ദിവസം, ഒരു മണിക്കൂര്‍, ഒരുമിച്ച്’ എന്ന പരിപാടി ഒരിക്കല്‍കൂടി ആചരിച്ചു. ശുചിത്വം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ആവര്‍ത്തിച്ചുറപ്പിച്ച് കോടിക്കണക്കിന് ഭാരതീയര്‍ ഈ ദിവസം ഒരു മണിക്കൂര്‍ സ്വമേധയാ ശ്രമദാനം നടത്തി. കഴിഞ്ഞ വര്‍ഷം മാത്രം നഗരങ്ങളിലും ഗ്രാമങ്ങളിലും ശ്രദ്ധിക്കപ്പെടാതെ കിടന്ന എട്ടുലക്ഷത്തിലധികം സ്ഥലങ്ങള്‍ സജീവ പൊതു ഇടങ്ങളാക്കി മാറ്റാനായി.
ഈ ദൗത്യത്തിന്റെ മഹത്വം അതിന്റെ നേട്ടങ്ങളില്‍ മാത്രമല്ല, മറിച്ച് ദൗത്യത്തിനായി ജനങ്ങള്‍ കാണിക്കുന്ന ഉത്സാഹത്തിലും പ്രകടമാണ്. സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കാന്‍ മാത്രമല്ല മോദി പൗരന്മാരോട് ആവശ്യപ്പെട്ടത്; മറിച്ച് തെരുവുകളും പാര്‍ക്കുകളും നദികളും രാജ്യമാകെയും സ്വന്തം ഭവനമായി ഏറ്റെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ‘ഒരു ചൂല്‍, ഒരു ചുവട്, ഒരു മണിക്കൂര്‍’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
നരേന്ദ്ര മോദി സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ ശില്പി മാത്രമല്ല, അതിന്റെ ജീവിക്കുന്ന ആത്മാവുമാണ്. ഓരോ വീട്ടിലും ശുചിത്വത്തിന്റെ തിരിതെളിച്ച ദീപം. അന്തസ്സിന്റെ വിത്തുകള്‍ പാകി ജനപങ്കാളിത്തത്തിന്റെ വെള്ളമൊഴിച്ച് പരിപോഷിപ്പിച്ച പൂന്തോട്ടക്കാരന്‍. ശുചിത്വം മറ്റാരുടെയും കടമയല്ലെന്നും മറിച്ച് നാമോരോരുത്തരുടെയും അവകാശവും ഉത്തരവാദിത്തവുമാണെന്നും നമ്മെ ഓര്‍മിപ്പിക്കുന്ന കാവല്‍ക്കാരന്‍.
ചൂലുപയോഗിച്ച് ഓരോതവണ തൂത്തുവാരുന്നതും ഓരോ മൂലയും വൃത്തിയാക്കുന്നതും ഓരോ പ്ലാസ്റ്റിക് സഞ്ചിയും വേണ്ടെന്നുവെയ്‌ക്കുന്നതും കേവലം ശുചിത്വം മാത്രമല്ല, മറിച്ച് അന്തസ്സിന്റെയും അഭിമാനത്തിന്റെയും നമ്മുടെ മക്കള്‍ക്കായി നാം ബാക്കിവെയ്‌ക്കാനാഗ്രഹിക്കുന്ന ഭാരതത്തിന്റേയും ഭാഗമാണ്. മോദി പറയുന്നതുപോലെ, ‘സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്നത് ‘സബ്കാ സാഥ്, സ്വച്ഛതാ കാ വികാസ്’ എന്ന മുദ്രാവാക്യമില്ലാതെ അപൂര്‍ണമാണ്. ശുചിത്വം മറ്റാരുടെയും ജോലിയല്ല; അത് നാമോരോരുത്തരുടെയും ദൗത്യമാണ്.
പ്രധാനമന്ത്രി മോദി നമുക്ക് വഴികാട്ടി. ഒരൊറ്റ രാജ്യമായും ഒരൊറ്റ ജനതയായും ഒരൊറ്റ ലക്ഷ്യത്തോടെയും നമുക്കിനി ആ വഴിയില്‍ ഒരുമിച്ചു ചുവടുവെയ്‌ക്കാം. ഓരോ പൗരനും ഒരു ശുചീകരണ സുഹൃത്താവുകയും ശുചിത്വത്തിനായി ചെയ്യുന്ന ഓരോ പ്രവൃത്തിയും ഭാവിയുടെ സമ്മാനമാവുകയും ചെയ്യുന്ന സ്വച്ഛ ഭാരതമാകട്ടെ നമ്മുടെ ലക്ഷ്യം.














