തമിഴ്നാട്ടില്‍ സിനിമാതാരം വിജയ് രൂപീകരിച്ച പുതിയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകം, കരൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ തിക്കിലും തിരക്കിലും നാല്‍പ്പതോളം പേര്‍ മരണമടഞ്ഞത് നടുക്കുന്നതും വേദനാജനകവുമാണ്. മരിച്ചവരില്‍ കുട്ടികളും ഗര്‍ഭവതികളുമൊക്കെ ഉള്‍പ്പെടുന്നു എന്നത് വേദനയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഈ ദാരുണ സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ടിവികെ എന്ന പേരില്‍ വിജയ് സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ട് അധികം നാളായില്ല. ജനപ്രിയ സിനിമാതാരം എന്ന നിലയ്‌ക്ക് വളരെയധികം ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്നത് സ്വാഭാവികം. അതുതന്നെയാണ് ഇപ്പോള്‍ വിനയായതെന്ന് പറയേണ്ടിവരും.
വിജയ് ടിവികെയുടെ ഒരേയൊരു നേതാവ്. കഴിവുറ്റ മറ്റു നേതാക്കളോ ഫലപ്രദമായ സംഘടനാ സംവിധാനമോ ഒന്നും രൂപപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ആയിരക്കണക്കിനു പേര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിജയ് സംഘടിപ്പിക്കുന്നത്. ഈ ആള്‍ക്കൂട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ, സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചോ ടിവികെ എന്ന പാര്‍ട്ടിക്ക് വലിയ ധാരണകളുണ്ടെന്ന് തോന്നുന്നില്ല. ഇതിന്റെ അനന്തരഫലമാണ് കരൂരിലെ ദുരന്തമെന്ന് പറയാം.
പതിനായിരം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തിനാണ് അനുമതി വാങ്ങിയതത്രേ. എന്നാല്‍ കരൂരില്‍ പങ്കെടുത്തത് ഇതിന്റെ പലമടങ്ങാണെന്ന് വാര്‍ത്തകളില്‍ കാണുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ പങ്കെടുത്ത് ശീലമുള്ളവരല്ല ഇവര്‍. യുവാക്കളും സ്ത്രീകളും കുട്ടികളും താരത്തെ കാണാന്‍ ഒഴുകിയെത്തിയവരാണ്. ഈയൊരു സാഹചര്യത്തില്‍ അനിവാര്യമായ നിയന്ത്രണങ്ങളൊന്നും പാലിക്കപ്പെട്ടതായി തോന്നുന്നുമില്ല. തീര്‍ച്ചയായും വിജയ് എന്ന നേതാവിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്.
ഇതിനൊരു മറുവശമുള്ളതും കാണാതെ പോകരുത്. സമ്മേളനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് പൊലീസാണ്. ഇത്രയധികം ആളുകള്‍ ഒരിടത്ത് തിങ്ങിക്കൂടുമ്പോള്‍ അത് ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണാനുള്ള സുരക്ഷ ഏര്‍പ്പെടുത്താനുമുള്ള ഉത്തരവാദിത്തം പോലീസിനുണ്ടായിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി വിവരമില്ല. കരൂര്‍ ദുരന്തം സംഭവിച്ചതിനുശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ തിരക്കിട്ട ചില നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന് മുന്‍കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുരന്തം ഒഴിവാക്കാമായിരുന്നു.
വിജയ് രൂപീകരിച്ച പാര്‍ട്ടി ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ഭരണകക്ഷിയായ ഡിഎംകെക്കാണ്. തന്റെയും കുടുംബത്തിന്റെയും അധികാര മോഹത്തിന് വലിയ ഭീഷണിയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സ്റ്റാലിന് നന്നായറിയാം. പക്ഷേ ഈ രാഷ്‌ട്രീയ സ്വാധീനത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ യാതൊരു രൂപവുമില്ല. വിജയ്‌ക്കെതിരെ ഒരക്ഷരം പറയരുതെന്ന് കഴിഞ്ഞദിവസം നേതാക്കള്‍ക്ക് ഡിഎംകെ കൊടുത്ത നിര്‍ദ്ദേശം ഇതിനു തെളിവാണ്.
എന്നാല്‍ ഈ നിര്‍ദ്ദേശം അപ്രതീക്ഷിതമായി ലംഘിക്കുന്നതും കണ്ടു. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ വിജയിനെ പരിഹസിച്ച് രംഗത്തുവന്നു. ഇതിനു ശേഷമാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. ഇത് യാദൃച്ഛികമായിരുന്നോയെന്ന് സംശയിക്കപ്പെടാം.
കരൂരിലെ ദുരന്തത്തില്‍ പോലീസിന്റെ വീഴ്ച ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല. പോലീസ് സ്വന്തം ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നു തന്നെയാണ് കരുതേണ്ടത്. ഇത്രയേറെ ആളുകള്‍ മതിയായ വിസ്തീര്‍ണമില്ലാത്ത ഒരിടത്ത് തടിച്ചുകൂടുന്നത് കണ്ടിട്ടും പോലീസ് എന്തുകൊണ്ടാണ് കയ്യുംകെട്ടി നോക്കിയിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണം. ദുരന്തം സംഭവിച്ചതിനുശേഷം രക്ഷകന്‍ ചമയുന്ന മുഖ്യമന്ത്രി സ്റ്റാലിന്‍ രാഷ്‌ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. സംഭവത്തെക്കുറിച്ച് സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണം. ദുരന്തത്തിനിടയാക്കിയ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടെത്തണം. മരിച്ച ഹതഭാഗ്യരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. മേലില്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കുകയും വേണം.
















