ദുബായ് :ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലെ കലാശപ്പോരിൽ പരമ്പരാഗത എതിരാളികളായ പാകിസ്ഥാനെ ഇന്ത്യ അഞ്ചു വിക്കറ്റിന് തകർത്ത് ഏഷ്യാ കപ്പ് 2025 സ്വന്തമാക്കി. 147 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.തിലക് വർമയുടെ(69*) ഇന്നിംഗ്സാണ് മത്സരത്തെ നിർണ്ണയിച്ചത്.
പാകിസ്ഥാൻ 146 (19.1 ഓവർ) – ഫർഹാൻ 57, സമാൻ 46; കുൽദീപ് 4/27.
ഇന്ത്യ 150/5 (19.4 ഓവർ) – തിലക് വർമ 69*, ദുബെ 33.
പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 146 റൺസിൽ ഒതുങ്ങി. സാഹിബ്‌സാദാ ഫർഹാൻ (38 പന്തിൽ 57), ഫഖർ സമാൻ (35 പന്തിൽ 46) എന്നിവർ ഒപ്പണിങ്ങിൽ 84 റൺസ് കൂട്ടിച്ചേർത്തെങ്കിലും ശേഷിച്ചത് നിരാശ. മിഡിൽ ഓർഡറിൽ എത്തിയവർ നിരന്തരം മടങ്ങിയപ്പോൾ 15 റൺസിനിടെ അവസാന ആറു വിക്കറ്റുകൾ വീണു. ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവ് 4 വിക്കറ്റ്, ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും രണ്ടുവിക്കറ്റുമായി മിന്നി. അക്ഷർ പടേൽക്കും രണ്ടു വിക്കറ്റ്.
ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്‌ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടികൾ. അഭിഷേക് ശർമ്മ (5), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1), ശുഭ്മാൻ ഗിൽ (12) എന്നിവർ വേഗത്തിൽ പുറത്തായി. 20 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ സമ്മർദ്ദം കനത്തെങ്കിലും തിലക് വർമ (53 പന്തിൽ 69*), സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവർ ചേർന്ന് ടീമിനെ ഉയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് സംഭാവന നൽകി.അഞ്ചാം വിക്കറ്റില്‍ ശിവം ദുവൈയുമായി ചേര്‍ന്നും തിലകവര്‍മ്മ, 50 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി.
സഞ്ജു പുറത്തായതിന് ശേഷം ശിവം ദുബെ (33) നല്ല പിന്തുണ നൽകി. അവസാന ഘട്ടത്തിൽ റിങ്കു സിംഗും അക്ഷർ പടേലും ചേർന്ന് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.
അവസാന രണ്ട് ഓവറിൽ 17 റൺസ് ആണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടത്. പാക് പേസർ ഫഹീം അഷ്‌റഫിന്റെ ആദ്യ പന്തിൽ തിലക് സിംഗിൾ എടുത്തു. രണ്ടാം പന്തിൽ ദുബെയും ഒരു റൺ ഓടിച്ചു. മൂന്നാം പന്തിലും ഒരു റൺ. നാലാം പന്ത് ദുബെ ബൗണ്ടറിയിലേക്ക് പായിച്ചു, ഫോർ. അഞ്ചാം പന്തിൽ റൺ ഇല്ല. അവസാന പന്തിൽ ദുബെ പുറത്തായി, ലോംഗ് ഓഫ്‌ൽ ഷഹീൻ അഫ്രീദിക്ക് ക്യാച്ച്. രണ്ട് വീതം സിക്‌സും ഫോറും ഉൾപ്പെടുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്‌സ്. പിന്നാലെ ക്രീസിലെത്തി റിങ്കു സിംഗ്.
അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 10 റൺസ്. ഹാരിസ് റൗഫിന്റെ ആദ്യ പന്തിൽ തിലക് രണ്ട് റൺസ് ഓടിച്ചു. രണ്ടാം പന്തിൽ സിക്‌സ്. തുടർന്ന് ജയിക്കാൻ വേണ്ടത് നാല് റൺസ് മാത്രം ബാക്കിയായിരുന്നു. മൂന്നാം പന്തിൽ ഒരു റൺ. നാലാം പന്ത് നേരിട്ട് റിങ്കു സിംഗ് ബൗണ്ടറി നേടി വിജയമാഘോഷിച്ചു. റിങ്കു സിംഗ് (4*), തിലകിനൊപ്പം പുറത്താവാതെ നിന്നു.
പുതിയ മുഖങ്ങളുടെ കരുത്തിലാണ് ഇന്ത്യക്ക് ഇത്തവണ കിരീടം. പരിചയസമ്പന്നരായ താരങ്ങളില്ലാതെയും ആത്മവിശ്വാസത്തോടെ കളിച്ച ടീം, സമ്മർദ്ദ മത്സരത്തിൽ കഴിവും ധൈര്യവും തെളിയിച്ചു.
















