പാലക്കാട്: സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചു വീഴ്‌ത്തി ലൈംഗിക പീഡനത്തിന് ശ്രമിച്ച യുവാവ് അറസ്റ്റില്‍. പട്ടിക്കാട് പൂവന്‍ചിറ സ്വദേശി വിഷ്ണു (25) നെ ആണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച അര്‍ധരാത്രി വടക്കഞ്ചേരിക്കു സമീപമാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ജോലിക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയം ബൈക്കില്‍ പിന്തുടര്‍ന്ന വിഷ്ണു സ്‌കൂട്ടര്‍ ഇടിച്ചു വീഴ്‌ത്തി. നിലത്തുവീണ് പരിക്കേറ്റ യുവതിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു.
യുവതി ബഹളം വെച്ചതോടെ വിഷ്ണു ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളെ മണിക്കൂറുകള്‍ക്കകം പിടികൂടി. ഇയാള്‍ എറണാകുളത്ത് പോക്‌സോ കേസില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
















