ചെന്നൈ ∙ തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച റാലിയിൽ ഉണ്ടായ ദുരന്തത്തിന് പിന്നിൽ വലിയ ക്രമസമാധാന വീഴ്ചകളാണെന്ന് വ്യക്തമാകുന്നു. പാർട്ടി പൊലീസിനു നൽകിയ അപേക്ഷയിൽ യോഗത്തിൽ പരമാവധി 10,000 പേർ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ, വേദിയിൽ എത്തിയതു 2 ലക്ഷത്തോളം പേരാണെന്നാണു വിവരം.
യോഗ വേദി 1,20,000 ചതുരശ്ര അടിയോളം വിസ്തൃതിയുള്ളതും, പരമാവധി 60,000 പേർക്കു മാത്രമേ ഇടം കിട്ടാവൂവെന്നുമാണ് എൻജിനീയർ നൽകിയ റിപ്പോർട്ട്. എന്നാൽ, പ്രഖ്യാപിച്ച ശേഷിയും പൊലീസ് അനുമതിയും അവഗണിച്ച് അരലക്ഷം പേർക്ക് മാത്രമേ ഉൾക്കൊള്ളാവുന്ന സ്ഥലത്തേക്ക് നാലിരട്ടി ആളുകളാണ് കടന്നുകൂടിയത്. ഇതാണ് അപകടത്തിനും കൂട്ടമരണത്തിനും പ്രധാന കാരണം.
പ്രഖ്യാപിച്ച സമയത്തേക്കാൾ ആറുമണിക്കൂറിലേറെ വൈകിയാണ് വിജയ് എത്തിയതും, കരൂർ ടൗൺ മുഴുവൻ സ്തംഭിക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ കുടുംബസമേതം എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനമൊന്നും പാർട്ടിക്കുണ്ടായിരുന്നില്ല.സംഭവത്തെ തുടർന്ന് എതിർ പാർട്ടികളും നേതാക്കളും കടുത്ത വിമർശനവുമായി രംഗത്തെത്തി. റാലിയുടെ സംഘാടകരും സുരക്ഷ ഒരുക്കാത്ത സർക്കാരും ജനങ്ങൾക്ക് മറുപടി പറയണമെന്ന് ബിജെപി നേതാവ് അശ്വത്ഥമാൻ അല്ലിമുത്തുആവശ്യപ്പെട്ടു.
ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖംആവശ്യപ്പെട്ടു.
കത്തുന്ന വെയിലിൽ മണിക്കൂറുകളോളം ആളുകളെ കാത്തുനിർത്തിയതും, 8.45ന് തുടങ്ങേണ്ട പരിപാടി മനഃപൂർവം വൈകിച്ചതുമാണ് ദുരന്തത്തിന് കാരണമെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിച്ചു.
ഇതോടെ ദുരന്തത്തിന് പാർട്ടി നേതൃത്വവും വിജയും നേരിട്ട് ഉത്തരവാദികളാണെന്ന നിലപാട് ശക്തമാകുകയാണ്.















