ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും നുഴഞ്ഞുകയറ്റക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ബീഹാറില്‍ നിന്നും പുറന്തള്ളുമെന്നും അമിത് ഷാ പറഞ്ഞു.
കുടുംബരാഷ്‌ട്രീയമാണ് രാഹുല്‍ ഗാന്ധിയ്‌ക്കും തേജസ്വി യാദവിനും ഉള്ള താല്പര്യം. എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് രാജ്യത്തിന് വേണ്ടിയുള്ള യുദ്ധമാണ്. ഏതെങ്കിലും ഒരു മണ്ഡലത്തിന് വേണ്ടിയല്ല, ബിജെപിയുടെ യുദ്ധം രാജ്യതാല്‍പര്യത്തിന് വേണ്ടിയാണ് – അമിത് ഷാ പറഞ്ഞു.
ലല്ലു രാജ്യത്തില്‍ നിന്നും ജംഗിള്‍ രാജില്‍ നിന്നും ബീഹാറിനെ മോചിപ്പിക്കണം. സ്വന്തം മകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് ലാലുപ്രസാദ് യാദവിന്റെ ലക്ഷ്യം. രാഹുല്‍ ഗാന്ധിയ്‌ക്ക് ഇത് മറ്റൊരു തെരഞ്ഞെടുപ്പ് യുദ്ധം മാത്രമാണ്. എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം രാജ്യത്ത് നിന്നും നുഴഞ്ഞുകയറ്റക്കാരെ തുരത്താനുള്ള യുദ്ധമാണ് ഈ തെരഞ്ഞെടുപ്പ്. – അമിത് ഷാ പറഞ്ഞു.
വിജയങ്ങളുടെ ദീപാവലിയാണിത്. ആഘോഷത്തിന് നാല് ഘട്ടങ്ങളാണുള്ളത്.
1. അയോധ്യയില്‍ രാമക്ഷേത്രം വന്നു.
2.ജീവികാ ദീദിമാര്‍ എന്ന് വിളിക്കുന്ന 75 ലക്ഷം വീട്ടമ്മമാര്‍ക്ക് 10,000 രൂപ വീതം കൈമാറും.
3.395 ഇനങ്ങളിന്മേല്‍ ജിഎസ് ടി ഒഴിവാക്കി.
4.160 സീറ്റുകളോടെ ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കല്‍.
അമിത് ഷാ ഇത് പറഞ്ഞപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ നിറഞ്ഞ കയ്യടിയോടെയാണ് ഇത് സ്വീകരിച്ചത്. ഭഗല്‍പൂര്‍, കോസി, സീമാഞ്ചല്‍ മേഖലകളില്‍ നിന്നുള്ള 4000 ബിജെപി പ്രവര്‍ത്തകരെയാണ് ഈ യോഗത്തില്‍ അമിത് ഷാ അഭിസംബോധന ചെയ്തത്.
ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാക്കളായ തേജസ്വി യാദവും ലാലുപ്രസാദ് യാദവും. ഈ നുഴഞ്ഞുകയറ്റുക്കാരെ തങ്ങളുടെ വോട്ട് ബാങ്ക് ആയാണ് ഇവര്‍ കാണുന്നത്. ഇത്തരം നുഴഞ്ഞു കയറ്റക്കാര്‍ ബീഹാറില്‍ ലക്ഷക്കണക്കിന് പേരുണ്ടെന്നാണ് ബിജെപിയുടെ വാദം. ആദ്യം ബംഗാളിലും അസമിലും എത്തുന്ന ബംഗ്ലാദേശികളും മ്യാന്‍മറില്‍ നിന്നുള്ളവരും അടുത്ത ഘട്ടത്തില്‍ ബീഹാറിലേക്ക് എത്തുകയാണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഇവര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുകയാണ്.
















