പാലക്കാട് : ഷാഫി പറമ്പില്‍ എംപിക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നടത്തിയ ലൈംഗികാരോപണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ നിയമോപദേശം തേടാന്‍ പോലീസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമാണ് പരാതി നല്‍കിയിരിക്കുന്നത്. മൂന്നാം കക്ഷിക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കാനുള്ള നിയമസാധുതയാണ് പൊലീസ് പരിശോധിക്കുന്നത്. വ്യക്തമായ നിയമപിന്തുണയില്ലാതെ തുടര്‍നടപടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ് . അതേ സമയം ആരോപണത്തില്‍ നിന്ന് പിന്നാക്കം പോകുന്ന നിലപാടാണ് ഇപ്പോള്‍ സുരേഷ്ബാബു സ്വീകരിക്കുന്നത്. മറ്റ് സിപിഎം നേതാക്കളാരും സുരേഷ് ബാബുവിന്‌റെ ആരോപണം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. വ്യക്തമായ തെളിവുകളില്ലാതെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തിരിച്ചടിക്കുമെന്നതിനാല്‍ കരുതല്‍ വേണമെന്നാണ് അവരുടെ നിലപാട്. സുരേഷ്ബാബു തെരഞ്ഞെടുപ്പുകാലത്ത് അഴിച്ചുവിട്ട നീലപ്പെട്ടി വിവാദം ഉണ്ടാക്കിയ തിരിച്ചടി അവര്‍ ചൂണ്ടിക്കാട്ടുന്നു.
















