ന്യൂദൽഹി : ലഡാക്കിൽ നടന്ന കലാപത്തിൽ കോൺഗ്രസിന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു . ലേയിൽ പ്രതിഷേധക്കാർ ബിജെപി ഓഫീസിനും ലഡാക്കിന്റെ തലസ്ഥാന നഗരമായ ലേയിൽ ഒരു സിആർപിഎഫ് വാനിനും തീയിട്ടതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത് . അക്രമത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ലഡാക്കിലെ ഏറ്റവും വലിയ പട്ടണവും ഭരണ കേന്ദ്രവുമായ ലേയിൽ കർഫ്യൂവും ഏർപ്പെടുത്തി.
അതേസമയം ലഡാക്കിൽ കലാപം നടത്തിയവർക്കൊപ്പം അപ്പർ ലേ വാർഡിലെ കോൺഗ്രസ് കൗൺസിലറായ ഫണ്ട്‌സോഗ് സ്റ്റാൻസിൻ സെപാഗും ഉൾപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബിജെപി നേതാവ് അമിത് മാളവ്യ ഇതിനെ കുറിച്ച് ഫോട്ടോ അടക്കം ട്വീറ്റ് ചെയ്തിട്ടുണ്ട്.
“ലഡാക്കിൽ കലാപം നടത്തുന്ന ഈ മനുഷ്യൻ അപ്പർ ലേ വാർഡിലെ കോൺഗ്രസ് കൗൺസിലറായ ഫണ്ട്‌സോഗ് സ്റ്റാൻസിൻ സെപാഗ് ആണ്. ബിജെപി ഓഫീസിനെയും ഹിൽ കൗൺസിലിനെയും ലക്ഷ്യമിട്ടുള്ള അക്രമത്തിൽ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുന്നതും പങ്കെടുക്കുന്നതും അദ്ദേഹം വ്യക്തമായി കാണാം. രാഹുൽ ഗാന്ധി സ്വപ്നം കാണുന്നത് ഇത്തരത്തിലുള്ള അസ്വസ്ഥതയാണോ?” എന്നാണ് അമിത് മാളവ്യ കുറിച്ചത്.
അപ്പർ ലേയിലെ കൗൺസിലറും ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ ഭാഗവുമാണ് സ്റ്റാൻസിൻ സെപാഗ്. അഞ്ച് അംഗ എക്സിക്യൂട്ടീവ് കൗൺസിലിന് പുറമേ കൗൺസിലിൽ 30 കൗൺസിലർമാരുമുണ്ട്.2020-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ലേ തിരഞ്ഞെടുപ്പിൽ സെപാഗ് വിജയിച്ചു. സെപ്റ്റംബർ 24-ന് ലഡാക്കിലെ ലേയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലുകളും തീവെപ്പും സംബന്ധിച്ചാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. നിരാഹാര സമര വേദിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.
സെപാഗ് അക്രമത്തിന് പ്രേരിപ്പിക്കുന്നതിന്റെ നിരവധി ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. കയ്യിൽ ആയുധവുമായി ബിജെപി ഓഫീസിലേക്ക് പോകുന്നതും കാണാം. ഇതിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്, ബിജെപിയും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
















