ന്യൂ ദല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പ്രതി സ്ഥാനത്തുളള ബംഗളൂരു സ്‌ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പറയണമെന്ന് വിചാരണ കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസില്‍ 28-ാം പ്രതി താജുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
16 വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാതെ ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീന്‍ കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നായിരുന്നു ആവശ്യം.
വിചാരണ അവസാന ഘട്ടത്തിലാണെന്ന് നേരത്തെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസിലെ മുപ്പത്തിയൊന്നാം പ്രതി അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് നേരത്തെ സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. 2008ലാണ് ബംഗളൂരുവിനെ നടുക്കിയ സ്‌ഫോടന പരമ്പര ഉണ്ടായത്. ആകെ 33 പ്രതികളാണുള്ളത്.
















