കൊല്ലം: എം.ഡി.എം.എ.പിടികൂടിയ കേസില്‍ മുഖ്യപ്രതി മങ്ങാട് സ്വദേശി ഹരിത പിടിയിലായി. 75 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലാണ് യുവതി പിടിയിലായത്.
ഹരിത വിദേശത്ത് നിന്നുമാണ് എം.ഡി.എം.എ കച്ചവടം നിയന്ത്രിച്ചത്. രണ്ട് മാസം മുന്‍പാണ് കൊല്ലം കുന്തളത്താഴത്തുവെച്ച് അഖില്‍ ശശിധരന്‍ കൊല്ലം സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ പ്രതി ഹരിതയാണെന്ന് വ്യക്തമായത്.
ഒമാനിലാ യിരുന്ന ഹരിത കേരളത്തിലെ യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വില്പന നിയന്ത്രിക്കുന്നതായി അന്വേഷണത്തില്‍ വിവരം കിട്ടി. കേസില്‍പ്പെട്ട പ്രതികളെ ജയിലില്‍ നിന്നിറക്കാന്‍ കേരളത്തിലെത്തിയ ഹരിതയെ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നാലെയാണ് പ്രത്യേക സംഘം കൊല്ലം ജില്ലാ ജയില്‍ പരിസരത്തുവെച്ച് അറസ്റ്റുചെയ്തത്.
വിപണിയില്‍ അഞ്ച് ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്. 2022 ല്‍ സമാനമായ കേസില്‍ ഹരിതയെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം , ബാംഗ്ലൂര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. ഹരിതയുടെ മുത്തശിയുടെ ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണമിടപാട്. കേസില്‍ അഖില്‍, അവിനാശ്, ശരത് എന്നിവര്‍ നേരത്തെ പിടിയിലായി.
















