ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ഭാരതത്തിന്റെ വളര്‍ച്ചാ നിരക്ക് വേഗത്തിലാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ലോകത്തിലെ മൂന്നാമത്തെ കരുത്തുറ്റ സമ്പത്ത് വ്യവസ്ഥയിലേക്ക് വളരുന്ന ഭാരതത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കും. ഇത് ആത്മനിര്‍ഭര്‍ ഭാരത് എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു ചുവടുവെയ്‌പാണെന്നും, രാജ്യത്തിന്റെ സമൃദ്ധിയെ ‘സ്വദേശി’ ഉല്‍പന്നങ്ങളുമായി ബന്ധിപ്പിക്കണമെന്നും പറഞ്ഞ പ്രധാനമന്ത്രി ഇതിന്റെ ഒരു രൂപരേഖതന്നെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ അവതരിപ്പിക്കുകയുണ്ടായി. പരിഷ്‌കരിച്ച ജിഎസ്ടി നിരക്കുകള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് രാഷ്‌ട്രത്തോട് പറഞ്ഞപ്പോള്‍, സ്വാതന്ത്ര്യസമരത്തിന് ശക്തി നല്‍കിയ അതേ രീതിയില്‍, രാജ്യത്തിന്റെ സമൃദ്ധിക്കും സ്വദേശിനയവും മനോഭാവവുമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഓരോ വീടിനെയും സ്വദേശിയുടെ പ്രതീകമാക്കണം. ഓരോ കടയും സ്വദേശി ഉല്‍പന്നങ്ങളാല്‍ അലങ്കരിക്കണമെന്ന വാക്കുകള്‍ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു.
വര്‍ഷിക വരുമാനത്തില്‍ 12 ലക്ഷം രൂപവരെ കേന്ദ്രസര്‍ക്കാര്‍ വരുമാന നികുതി ഒഴിവാക്കിയത് മാസങ്ങള്‍ക്കു മുന്‍പാണ്. ഇതിനു പിന്നാലെയാണ് അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ വരുന്നത്. ഇതുവഴി ചെലവുകള്‍ കുറയ്‌ക്കുകയും, സമ്പാദ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്ത് ജനങ്ങള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. ഇതിനുവേണ്ടി സംസ്ഥാനങ്ങള്‍ നിര്‍മാണ മേഖല ശക്തിപ്പെടുത്തുകയും, നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും വേണമെന്ന അഭ്യര്‍ത്ഥന മാനിക്കാന്‍ ഓരോ സംസ്ഥാനത്തിനും ഉത്തരവാദിത്വമുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചുനില്‍ക്കുമ്പോഴാണല്ലോ സ്വയംപര്യാപ്തമായ ഭാരതം സാധ്യമാവുക.
പൗരന്മാര്‍ക്കായി ഒരു സന്ദേശവും ഉണ്ടായിരുന്നു. താന്‍ വാങ്ങുന്നതോ വില്‍ക്കുന്നതോ ആയ ഉല്‍പന്നങ്ങള്‍ സ്വദേശിയാണെന്ന് അഭിമാനത്തോടെ പറയുന്ന മനോഭാവം ഓരോ ഭാരതീയനും കൈവരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ജനങ്ങള്‍ ഉള്‍ക്കൊള്ളണം.
രാഷ്‌ട്രത്തോടുള്ള അഭിസംബോധനയില്‍ സവിശേഷവും ആകര്‍ഷകവുമായ ഒരു മുദ്രാവാക്യവും പ്രധാനമന്ത്രി മുന്നോട്ടുവയ്‌ക്കുകയുണ്ടായി. നാഗരിക് ദേവോ ഭവഃ എന്നതാണത്. അതായത് പൗരന്‍ ദൈവമാണ് എന്നര്‍ത്ഥം. പരിഷ്‌കരിച്ച ജിഎസ്ടി നിരക്കുകള്‍ തന്റെ സര്‍ക്കാരിന്റെ ഈ മന്ത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ച് നിര്‍മാണത്തിലും ആരോഗ്യ മേഖലയിലും ചെലവ് കുറയ്‌ക്കും. ഇനിമുതല്‍ ജിഎസ്ടി ഒരു സമ്പാദ്യോത്സവം പോലെയായിരിക്കുമെന്നും, അത് ഓരോ കുടുംബത്തിലും സന്തോഷം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞത് പാഴ് വാക്കാകില്ല. തീര്‍ച്ചയായും ഇത് ആത്മനിര്‍ഭര ഭാരതത്തിനു വേണ്ടിയുള്ള രാജ്യത്തിന്റെ വലിയൊരു ചുവടുവയ്‌പ്പാണ്.
പ്രധാനമന്ത്രി പറഞ്ഞതുപോലെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്തുക്കള്‍ കൂടുതല്‍ എളുപ്പത്തില്‍ വാങ്ങാന്‍ കഴിയും. ദരിദ്രരും മദ്ധ്യവര്‍ഗ്ഗവും നവമദ്ധ്യവര്‍ഗ്ഗവും യുവാക്കളും കര്‍ഷകരും സ്ത്രീകളും വ്യാപാരികളും ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പാണ്. ഈ അന്തരീക്ഷം നിക്ഷേപകരെയും ആകര്‍ഷിക്കും. 2017ല്‍ ജിഎസ്ടി പരിഷ്‌കാരങ്ങളിലേക്ക് ഭാരതം പ്രവേശിച്ചപ്പോള്‍ അത് പുതിയൊരു ചരിത്രമെഴുതാനുള്ള തുടക്കമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാണ്. ‘ഒരു രാഷ്‌ട്രം ഒരു നികുതി’ എന്ന സ്വപ്‌നമാണ് ജിഎസ്ടി യാഥാര്‍ത്ഥ്യമാക്കിയത്. പലതട്ടിലുള്ള നികുതികള്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. അതാണ് ഇനി ഇല്ലാതാവാന്‍ പോകുന്നത്. ജിഎസ്ടി നീക്കം ചെറിയ ഇടത്തരം സൂക്ഷ്മ സംരംഭങ്ങള്‍ക്ക് വലിയ പ്രയോജനമായിരിക്കുമെന്ന് വ്യക്തമാണ്. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉല്‍പ്പന്നങ്ങളുടെ മഹിമ പുനഃസ്ഥാപിക്കാനും ഈ മേഖല സജീവമാകേണ്ടതുണ്ട്.
സ്വയംപര്യാപ്ത ഭാരതം എന്നത് നരേന്ദ്രമോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വെറുമൊരു ആശയമല്ല. പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ്. ഇതിനായി ജനങ്ങളുടെ സമ്പൂര്‍ണ്ണമായ സഹകരണം ആവശ്യവുമാണ്. സ്വദേശി ചിന്താഗതിയില്‍ അധിഷ്ഠിതമായ ഉല്‍പാദനവും ഉപഭോഗവും ജനങ്ങള്‍ ശീലിക്കേണ്ടതുണ്ട്. വിദേശ നിര്‍മിത വസ്തുക്കള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഈ അപ്രിയസത്യം മറച്ചു പിടിച്ചതുകൊണ്ട് കാര്യമില്ല. ഇക്കാര്യത്തില്‍ പ്രകടമായ ഒരു മാറ്റം രാജ്യത്ത് സംഭവിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഇതിന് വഴിയൊരുക്കും.
















