പെന്‍ഷന്‍,
ഒരു സമ്പാദ്യ തുരുത്തിലേയ്‌ക്കുള്ള
നടപ്പാതയല്ല.
ജീവിതസന്ധ്യയില്‍
യാചനാപാത്രത്തിലെറിയപ്പെടുന്ന
ഭിക്ഷപ്പണം
ജഡരാഗ്‌നി പടരാതെ
കാറ്റ് നിയന്ത്രിക്കുന്ന
മറക്കുട
ഉടമയ്‌ക്കായി
ഒരുവന്‍
തന്റെ യൗവനം
പിഴിഞ്ഞൂറ്റി സൃഷ്ടിച്ച രക്തച്ചുഴി
എന്നാലും,
പിരിഞ്ഞു കഴിഞ്ഞാല്‍
തൊഴിലുടമകളും,
നിലവിലെ തൊഴിലാളികളും ആശങ്കയിലാകുന്നു;
– ”ഇവറ്റകളെ ഇനിയും പോറ്റണോ”? എന്ന്
ഗര്‍ഭത്തിലൂടെ ജനിച്ചവര്‍ ആണെങ്കില്‍
പഴുത്ത ഇലകളെ പരിഹസിക്കരുത്!
പെന്‍ഷന്‍ ഒരു ദയാനിധിയല്ല;
ജോലി ചെയ്ത് പിരിഞ്ഞവന്റെ
ചോരവിയര്‍പ്പിന്റെ
കനല്‍ കടം വീട്ടുന്നതാണ്
മാസശമ്പളവും,
അധിക ജോലി വേതനവും
നിങ്ങളുടെ അന്തസ്സുയര്‍ത്തും;
കുടുംബത്തോടൊപ്പം
ആഹ്ലാദിക്കും.
പക്ഷേ,
പിരിഞ്ഞുപോകലിന്റെ
ചരട് മുറിയുമ്പോള്‍
മോഹങ്ങള്‍ അലങ്കരിച്ച പട്ടങ്ങള്‍ക്ക്
പറക്കാനായി
ഒരു വാനിടം വേണ്ടിവരും;
ഓര്‍മ്മിക്കുക.
















