കൊച്ചി: മൂന്നാറില്‍ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദങ്ങളില്‍ ഒന്നായ കൊളുക്കുമലയിലേക്കുള്ള ജീപ്പ് സഫാരി സുരക്ഷിതമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. കൊളുക്കുമല ടൂറിസം സേഫ്റ്റി കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ ഉടുമ്പന്‍ചോല ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തിലാണ് യാത്ര സുരക്ഷിതത്വത്തിന് വേണ്ടിയുള്ള നടപടി കൈക്കൊണ്ടിട്ടുള്ളത്. കൃത്യമായ ഇടവേളകളില്‍ വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും യോഗ്യരായ ഡ്രൈവര്‍മാരുടെ സേവനവും ഉറപ്പുവരുത്തും. സഞ്ചാരികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ജീപ്പ് സഫാരിക്ക് എസ് ഒ പി മാനദണ്ഡങ്ങള്‍ നടപ്പിലാക്കി. എല്ലാ ദിവസവും ഡ്രൈവര്‍മാരെ ബ്രീത്ത് അനലൈസര്‍ പരിശോധന നടത്തുന്നതു വഴി മദ്യപിച്ചിട്ടുള്ളവരെ വാഹനം ഓടിക്കുന്നതില്‍ നിന്നും ഒഴിവാക്കുകയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.
ദിവസേന 500 ല്‍ അധികം ആളുകള്‍ കൊളുക്കുമല സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ഒരു ജീപ്പില്‍ ആറുപേര്‍ക്കാണ് കൊളുക്കുമല സഫാരി നടത്താന്‍ സാധിക്കുന്നത്. രാവിലെ നാലു മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കൊളുക്കുമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.
















