മഞ്ചേരി : ജാമിന്റെയും പീനട്ട് ബട്ടറിന്റെയും ഗ്ലാസ്സ് ജാറുകളില്‍ ഒളിപ്പിച്ച് അരക്കിലോയോളം മെത്താംഫിറ്റമിന്‍ മഞ്ചേരിയില്‍ എത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവ്.
കൊറിയര്‍ സര്‍വീസ് വഴി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നാണ് മാരക മയക്കുമരുന്ന് കടത്തിയത്. കേസിലെ ഒന്നാം പ്രതി ഏറനാട് പാണക്കാട് പഴങ്കര കുഴിയില്‍ നിഷാന്ത് ( 25), രണ്ടാം പ്രതി ഏറനാട് പുതുശ്ശേരി വീട്ടില്‍ റിയാസ് (33), മൂന്നാം പ്രതി ഏറനാട് പാണക്കാട് മൂന്നുക്കാരന്‍ വീട്ടില്‍ സിറാജുദീന്‍ (30) എന്നീ പ്രതികളെയാണ് ശിക്ഷിച്ചത്. പ്രതികളുടെ സുഹൃത്തായ നാലാം പ്രതി മുഹമ്മദ് സാബിദ് ആണ് രാജേന്ദ്രന്‍ എന്ന വ്യാജ മേല്‍ വിലാസത്തില്‍ ഒന്നാം പ്രതി നിഷാന്തിന്റെ പേരില്‍ കൊറിയര്‍ ആയി മയക്കുമരുന്ന് അയച്ചത്. മുഹമ്മദ് സാബിത് ഇപ്പോഴും ഒളിവിലാണ്.
മഞ്ചേരി എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി.ജി.വര്‍ഗ്ഗീസാണ് 1985 ലെ എന്‍.ഡി.പി.എസ് ആക്റ്റ് പ്രകാരം പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്.
















