മലപ്പുറം: എടവണ്ണയില്‍ വീട്ടില്‍ നിന്ന് ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും കണ്ടെത്തി. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി . വീട്ടുടമസ്ഥന്‍ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ണിക്കമ്മദിന് ഇല്ലായിരുന്നു. വീടിന്റെ മുകള്‍ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണുമാണ് കണ്ടെത്തിയത്. വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്തെ പരിശോധനയിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്.
അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്നു. ഇവ എവിടെ നിന്ന് എത്തിച്ചു എന്നതില്‍ വ്യക്തത വേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വാങ്ങിയുളള ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.
















