ന്യൂദല്‍ഹി : മാസപ്പടിക്കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് ദല്‍ഹി ഹൈക്കോടതി അടുത്ത മാസം 28,29 തീയതികളിലേക്ക് മാറ്റി. ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക എന്നാണ് മുന്‍പ് അറിയിച്ചിരുന്നതെങ്കിലും ഇന്ന് പുതിയ ബെഞ്ചിന് മുന്നിലാണ് ഹര്‍ജിയെത്തിയത്.
പുതിയ ബെഞ്ചിന് കേസ് പഠിക്കാന്‍ മതിയായ സമയം വേണമെന്നതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി, വീണ, സിഎംആര്‍എല്‍ എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയാണ് ദല്‍ഹി ഹൈക്കോടതിയില്‍ ഉളളത്.
മാധ്യമപ്രവര്‍ത്തകനായ എംആര്‍ അജയനാണ് പൊതുതാത്പര്യ ഹര്‍ജിയുമായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി മുഖ്യമന്ത്രിക്കും മകള്‍ വീണയ്‌ക്കും സിഎംആര്‍എല്ലിനും നോട്ടീസ് നല്‍കുകയും അവര്‍ എതിര്‍ സത്യവാംഗ് മൂലം നല്‍കുകയും ചെയ്തു. ഹര്‍ജി രാഷ്‌ട്രീയ പ്രേരിതം എന്നായിരുന്നു മുഖ്യമന്ത്രിയുടെയും മകളുടെയും മറുപടി. കേസില്‍ കക്ഷി ചേര്‍ത്ത എല്ലാവരും മറുപടി സത്യവാംഗ്മൂലം നല്‍കി.
വീണയുടെ കമ്പനി സേവനമൊന്നും നല്‍കാതെ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി കൈപ്പറ്റി എന്ന ആരോപണം വലിയ രാഷ്‌ട്രീയ വിവാദമായിരുന്നു.സിബിഐ അന്വേഷണ ആവശ്യം നില്‍ക്കുന്നതല്ലെന്ന് സത്യവാംഗ്മൂലത്തില്‍ വീണ പറഞ്ഞു. താന്‍ സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായി ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മില്‍ നടന്ന ഇടപാട് മാത്രമാണ് ഉണ്ടായതെന്നും സത്യവാംഗ്മൂലത്തില്‍ പറയുന്നു.
















