ദുബായ്: കഴിഞ്ഞയാഴ്ച തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തർ തിങ്കളാഴ്ച ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. ഗാസ മുനമ്പിൽ ഹമാസിനെതിരായ ആക്രമണങ്ങൾ തുടരുന്നതിനാൽ ഈ ഉച്ചകോടിയിൽ അറബ് ഇസ്ലാമിക രാജ്യങ്ങളുടെ സംഘം ഇസ്രായേലിനെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിച്ചു.
ചർച്ചയിൽ നേതാക്കളുയർത്തിയ നിർദേശങ്ങളും പ്രധാന നേതാക്കളുടെ നേരിട്ടുള്ള പങ്കാളിത്തവും മേഖലയുടെ ശക്തമായ വികാരത്തിന്റെ പ്രതിഫലനമായി മാറി. പ്രധാനമായും തുർക്കി പ്രതിരോധ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇസ്രയേലിനെ ഒന്നിച്ച് നേരിടാൻ ഇറാനും ആഹ്വാനം ചെയ്തു. ഡിഫൻസ് കൗൺസിൽ വിളിച്ചു ചേർക്കാൻ ജിസിസി കൗൺസിൽ തീരുമാനിച്ചു.
ചർച്ചയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡൻ്റ് നേരിട്ടെത്തിയിരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ, സിറിയ പ്രസിഡൻ്റുമാരെ പ്രത്യേകം കണ്ടു. അറബ് – ഇസ്ലാമിക് ലോകത്തെ ഒരാളെ ആക്രമിച്ചാൽ അത് കൂട്ടായ്‌മയിലെ എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കാൻ നിർദേശമുയർന്നു.
ഇതിനു പുറമെ പ്രതിരോധ രംഗത്തുൾപ്പെടെ ഒന്നിച്ച് നിന്ന് ചെറുക്കാനും ജിസിസി കൂട്ടായ്‌മ തൂരുമാനിച്ചു. ഉച്ചകോടിക്ക് പിന്നാലെ നാളെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഖത്തറിലെത്തും. ഖത്തറിന് പിന്തുണ അറിയിച്ചേക്കും. ഇസ്രയേൽ സന്ദർശനത്തിന് ശേഷമാണ് മാർക്കോ റൂബിയോ ഖത്തറിലെത്തുന്നത്. എന്താകും ഖത്തർ നേതാക്കളുടെ മുന്നിൽ വെച്ചെടുക്കുന്ന പരസ്യ നിലപാടെന്നത് ശ്രദ്ധേയമാണ്.
















