തിരുവനന്തപുരം: പോലീസിനെ ജനങ്ങളോട് അടുപ്പിക്കാനായി പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിമാരോട് വീഡിയോ കോളിലൂടെ നേരില്‍ക്കണ്ട് പരാതി ബോധിപ്പിക്കാന്‍ ആവിഷ്‌കരിച്ച ദൃഷ്ടി പദ്ധതി പാതിവഴിയില്‍ അവസാനിപ്പിച്ചു. പദ്ധതി നടപ്പിലാക്കാതിരിക്കാന്‍ പാലം വലിച്ചത് കീഴുദ്യോഗസ്ഥര്‍.
ലോകനാഥ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. പൊതുജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറയ്‌ക്കുക, കുറ്റകൃത്യങ്ങളും പരാതിയും ഉദ്യോഗസ്ഥരെ നേരിട്ടറിയിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ദൃഷ്ടി പദ്ധതി ആവിഷ്‌കരിച്ചത്. വാട്‌സ്ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയുടെ ചുമതയുള്ള പോലീസ് അധികാരികളുമായി പൊതുജനങ്ങള്‍ നേരിട്ട് സംവാദിക്കുന്നതായിരുന്നു പദ്ധതിയുടെ രീതി.
ഇതിനായി ഓരോ ജില്ലയിലും മൊബൈല്‍ ഫോണ്‍ നമ്പറുകളും ദിവസക്രമങ്ങളും തയാറാക്കി നല്‍കിയിരുന്നു. എല്ലാ ബുധനാഴ്ചയും വൈകിട്ട് നാല് മുതല്‍ അഞ്ച് മണിവരെയായിരുന്നു വീഡിയോ കോണ്‍ഫറന്‍സിന് അവസരം. വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്‌നങ്ങളും ആവലാതികളും പൊതുജനങ്ങള്‍ക്ക് നേരിട്ട് അവതരിപ്പിക്കാമെന്നതാണ് ഇതിന്റെ നേട്ടം. പ്രശ്‌നങ്ങളും ആവലാതികളും പരാതികളായി പറയാനും പരിഹാരം വേഗത്തില്‍ കാണാനും സാധിക്കുംവിധമാണ് സംസ്ഥാനമൊട്ടാകെ പദ്ധതി രൂപകല്പന ചെയ്തത്. നേരിട്ട് ജില്ലാ പോലീസ് മേധാവിയുമായി സംസാരിക്കുന്നതിലൂടെ വേഗത്തില്‍ പരിഹാരം ലഭിക്കുക വഴി ജനങ്ങളില്‍ പോലീസിന്റെ സ്വീകാര്യത വന്‍തോതില്‍ വര്‍ധിപ്പിക്കാനും പോലീസിന്റെ പ്രതിച്ഛായ ഉയരാനും ഇടയാക്കുമെന്നുമുള്ള വിലയിരുത്തലിലാണ് പദ്ധതി ആരംഭിച്ചത്.
വിളിക്കുന്നവര്‍ കാര്യമാത്ര പ്രസക്തമായും സംക്ഷിപ്തമായും പ്രശ്‌നങ്ങളും ആവലാതികളും അവതരിപ്പിക്കണം. ഇവയ്‌ക്കുമേല്‍ എടുത്ത നടപടികള്‍ സംബന്ധിച്ച് വിവരം പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പോലീസുദ്യോഗസ്ഥന്‍ മുഖാന്തരം പരാതിക്കാരനെ അറിയിക്കും. ഐജിമാര്‍, ഡിഐജിമാര്‍ തുടങ്ങിയ മേലുദ്യോഗസ്ഥര്‍ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ട മേല്‍നോട്ടം വഹിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയത്.
കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഡിസിപിമാരുമായും സമാന രീതിയില്‍ സംവദിക്കാനും അവസരമുണ്ടായിരുന്നു. മാസത്തിലെ രണ്ടാമത്തേയും നാലാമത്തേയും തിങ്കളാഴ്ചകളിലായിരുന്നു ഇതിന് അവസരം നല്‍കിയത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പദ്ധതി പാതിവഴിയില്‍ അവസാനിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഐജിമാരേയും ഡിഐജിമാരേയും പദ്ധതി നടത്തിപ്പിലേക്കായി ഡിജിപി നിര്‍ദേശിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഭാഗമാകാന്‍ തയാറായില്ല. ഇതോടെയാണ് പദ്ധതി പാതിവഴിയില്‍ നിലച്ചത്.
















