കോഴിക്കോട്: രാജ്യത്തെ ലക്ഷക്കണക്കിന് അധ്യാപകരുടെ തൊഴില്‍സുരക്ഷയെ ബാധിക്കുന്ന സുപ്രീം കോടതി വിധി പിന്‍വലിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അഖിലഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ഗീത ഭട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) സംബന്ധിച്ച സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് സീനിയര്‍ അധ്യാപകരുടെ തൊഴില്‍ അപകടത്തിലായിരിക്കുകയാണ്. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ബാക്കിയുള്ള അധ്യാപകര്‍ 2027 ആഗസ്റ്റ് 31-നകം ടെറ്റ് യോഗ്യത നേടിയിരിക്കണമെന്നും അല്ലാത്തപക്ഷം, അവര്‍ക്ക് സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടി വരുമെന്നുമാണ് വിധി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്ന നല്ല ലക്ഷ്യത്തോടെയാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചതെങ്കിലും 2010 ലെ ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സിലിന്റെ വിജ്ഞാപനത്തിലെ ഒരു വ്യവസ്ഥ ഈ വിധിയില്‍ പരിഗണിക്കപ്പെട്ടില്ല. ടെറ്റ് ആദ്യമായി നടപ്പിലാക്കിയ ആ വിജ്ഞാപനത്തില്‍, 2010 ആഗസ്റ്റ് 23-ന് മുമ്പ് നിയമനം ലഭിച്ച അധ്യാപകരെ പുതിയ നിബന്ധനയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. അധ്യാപകരുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ ടെറ്റ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. ആവശ്യമാണെങ്കില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്നും ഗീത ഭട്ട് പറഞ്ഞു.
കേരളത്തില്‍ ഈ വിഷയം രാഷ്‌ട്രീയവല്‍കരിക്കുകയാണെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ പറഞ്ഞു. സുപ്രീംകോടതി വിധിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്ന കേരളത്തിലെ ഒരേയൊരു അധ്യാപക സംഘടന എന്‍ടിയു ആണെന്നും അദ്ദേഹം പറഞ്ഞു. എന്‍ടിയു സംസ്ഥാന അദ്ധ്യക്ഷ കെ. സ്മിതയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.















