തിരുവനന്തപുരം:യുവ എം എല്‍ എയ്‌ക്കെതിരായ ആരോപണത്തെ തുടര്‍ന്ന് ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്. സമൂഹമാധ്യങ്ങളിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് നടി ആവശ്യപ്പെടുന്നു.
രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, ക്രൈം നന്ദകുമാര്‍ ഉള്‍പ്പെടെ ഉളളവര്‍ക്കെതിരെയാണ് പരാതി. വിവിധ ഓണ്‍ലൈന്‍ ചാനലുകളുടെ ലിങ്കുകള്‍ അടക്കമാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറല്‍ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവര്‍ക്കും നടി പരാതി നല്‍കി.
തന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും റിനി ആന്‍ ജോര്‍ജ് നേരത്തെ പ്രതികരിച്ചിരുന്നു.രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കണോ എന്ന് പ്രസ്ഥാനം തീരുമാനിക്കട്ടെ. സാമൂഹിക മാധ്യമങ്ങളില്‍ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.വിഡി സതീശന്‍ മനസാ വാചാ കര്‍മണ അറിയാത്ത കാര്യം വച്ച് അദ്ദേഹത്തെ ആക്രമിക്കുന്നത് കേട്ടപ്പോള്‍ വിഷമം തോന്നി.അതുകൊണ്ടാണ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് നടി പ്രതികരിച്ചത്.
പ്രതിപക്ഷ നേതാവിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പമുളള ചിത്രം പങ്കുവച്ചായിരുന്നു റിനി ആന്‍ ജോര്‍ജ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ എന്നും റിനി ചോദിച്ചു.
















