ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഏറെക്കാലമായി ഉയര്‍ത്തിയ ചോദ്യമായിരുന്നു മോദി എന്തുകൊണ്ട് മണിപ്പൂരില്‍ പോകുന്നില്ല എന്നത്. ധൈര്യമുണ്ടെങ്കില്‍ മണിപ്പൂരില്‍ പോകൂ എന്നും അവര്‍ മോദിയെ വെല്ലുവിളിച്ചിരുന്നു.
പക്ഷെ മോദി സമയത്തിന് കാര്യങ്ങള്‍ ചെയ്യുന്ന നേതാവാണ്. ഒരു പ്രധാന ഇടത്ത് സമയത്തിന് മുന്‍പോ, സമയം കഴിഞ്ഞോ പോകുന്ന പതിവ് മോദിക്കില്ല. ആ സന്ദര്‍ഭം ആവശ്യപ്പെടുന്ന കൃത്യസമയത്ത് അവിടെ ചെല്ലുക എന്നതാണ് മോദിയുടെ ശീലം. അത് തന്നെയാണ് അദ്ദേഹം മണിപ്പൂരില്‍ ചെയ്തതും. ഇന്നും ഇന്നലെയുമല്ല മണിപ്പൂരില്‍ വംശീയകലാപം കത്തിപ്പടരുന്നത്. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അത്രയ്‌ക്ക് ആഴത്തിലുള്ളതാണ് കുക്കി, മെയ്തെ എന്നീ രണ്ട് വംശങ്ങള്‍ തമ്മിലുള്ള അവിശ്വാസവും ശത്രുതയും. ഇപ്പോള്‍ കാര്യങ്ങള്‍ ഒരു സമാധാനാന്തരിക്ഷത്തിലേക്ക് നീങ്ങുകയാണ്. അതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ നിതാന്തശ്രമമുണ്ടായിരുന്നു. ഒപ്പം മണിപ്പൂരില്‍ വികസനമെത്തിക്കുക എന്ന വലിയ ദൗത്യവും മോദി ഏറ്റെടുത്തിരിക്കുകയാണ്.
കോണ്‍ഗ്രസ് 40 വര‍്ഷത്തിലധികം ഭരിച്ചിട്ടും ചെയ്യാത്ത വികസനമാണ് മോദി മണിപ്പൂരില്‍ എത്തിക്കുന്നത്. മണിപ്പൂരില്‍ ആദ്യമായി ഒരു റെയില്‍വേ ലൈന്‍ ഉയരുകയാണ്. മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഏകദേശം 8070 കോടി രൂപ ചെലവിലാണ് ഈ റെയില്‍വേ ലൈന്‍ ഉയര്‍ത്തിയിരിക്കുന്നത്. ബൈരാബി-സായ് രംഗ് റെയില്‍വേ ലൈന്‍ എന്നാണ് ഇതിന്റെ പേര്. ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണ് മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.
ഇപ്പോള്‍ മോദി മണിപ്പൂരില്‍ പോയതിനെ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയായ മോദി മണിപ്പൂരില്‍ പോയില്ലെന്ന് വിമര്‍ശിച്ചിരുന്നവര്‍ ഇപ്പോള്‍ മോദി അവിടം സന്ദര്‍ശിച്ചതിന്റെ പേരിലും വിമര്‍ശനം ഉയര്‍ത്തുകയാണ്. മോദിയുടെ സന്ദര്‍ശനം കാപട്യമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം. വൈകിയുള്ള ഈ സന്ദര്‍ശനം ദൗര്‍ഭാഗ്യകരമാണെന്നാണ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചത്.
ആദ്യമായി മണിപ്പൂരില്‍ വംശീയകലാപം ഉണ്ടായിട്ടും മോദി അവിടെ പോയില്ല എന്നാണ് പ്രിയങ്ക ഗാന്ധി നടത്തിയ മറ്റൊരു വിമര്‍ശനം. ഇത് ശുദ്ധ നുണയാണെന്ന് മണിപ്പൂരിന്റെ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. മണിപ്പൂരില്‍ എല്ലാക്കാലത്തും കുക്കികളും മെയ്തെ വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.കോണ്‍ഗ്രസ് കേന്ദ്രം ഭരിയ്‌ക്കുമ്പോള്‍ നടന്ന ഏറ്റുമുട്ടലുകളില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. എന്തായാലും മണിപ്പൂരിലേക്ക് ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നും ഉള്ള നുഴഞ്ഞുകയറ്റം കുറെയൊക്കെ തടയാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. അതിര്‍ത്തികളില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. എന്തായാലും മണിപ്പൂരില്‍ വൈകാതെ സമാധാനം പുലരുമെന്ന് തന്നെയാണ് മോദി സര്‍ക്കാരിന്റെ പ്രതീക്ഷ. വാചകമടിയല്ല, ചെയ്ത് കാണിക്കലാണ് മോദിയുടെ നയം.
















