കോട്ടയം: പൈക്ക, ഖേല്‍ അഭിയാന്‍, ഖേലോ ഇന്ത്യ പദ്ധതികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്കിയ ഫണ്ടിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകുമെന്നു വ്യക്തമായതോടെ മുഖ്യമന്ത്രി കായിക വകുപ്പിനു നല്കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒന്‍പതു മാസം കായിക മന്ത്രിയുടെ ഓഫീസില്‍ ഉറങ്ങിയ ഫയലിലാണ് ഉത്തരവ്. മുന്‍ സൈനികനും കായിക താരവുമായ കെ.ആര്‍. പ്രമോദ് തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലാണ് അന്വേഷണം. സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.
ഫണ്ട് ഉപയോഗത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രമോദിന്റെ പരാതി. അധികാര ദുര്‍വിനിയോഗവും കെടുകാര്യസ്ഥതയും കാരണമാണ് പദ്ധതി പൂര്‍ണമായി നടപ്പാക്കാന്‍ കഴിയാതെ വന്നതെന്ന് പ്രമോദ് ജന്മഭൂമിയോട് പറഞ്ഞു. പൈക്ക പദ്ധതിയുടെ ക്രമരഹിതമായ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് കോ-ഓഡിനേറ്ററെ പുറത്താക്കിയിരുന്നു. ഇതിന്റെ വിവരാവകാശ രേഖ സ്‌പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ആവശ്യപ്പെട്ടങ്കിലും രേഖകള്‍ ഒന്നുമില്ല എന്ന മറുപടിയാണ് പ്രമോദിനു ലഭിച്ചത്.
സ്‌പോര്‍ട്സ് കൗണ്‍സില്‍ നിരവധി അഴിമതികളാണ് നടത്തിയിരിക്കുന്നതെന്ന് വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സിലിലെ രണ്ടു സ്ഥിരം ജീവനക്കാര്‍ ശമ്പള രഹിത അവധിയില്‍ പ്രവേശിച്ചിട്ടും എല്ലാ മാസവും ശമ്പളം അനുവദിച്ചുകൊണ്ടിരുന്നു. അതില്‍ അന്വേഷണം നടത്തി, കൗണ്‍സില്‍ ജൂനിയര്‍ സൂപ്രണ്ട് കുറ്റക്കാരിയാണെന്ന് കണ്ടെത്തി, നടപടി ആവശ്യപ്പെട്ട് കൗണ്‍സില്‍ സെക്രട്ടറി കായിക മന്ത്രിക്ക് കത്തു നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, ഉത്തരവിന് പുല്ലുവില നല്കുകയാണ് സ്പോര്‍ട്സ് കൗണ്‍സില്‍ ചെയ്തത്. സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടി കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കൗണ്‍സിലെടുത്തത്. മന്ത്രിയുടെ തീരുമാനം റദ്ദാക്കി സസ്‌പെന്‍ഡ് ചെയ്തയാളെ സംരക്ഷിച്ചു. അന്വേഷണത്തിന് വന്ന ഉദ്യോഗസ്ഥനെ തിരിച്ചയയ്‌ക്കുകയും ചെയ്തു.
2010 മുതല്‍ 15 വര്‍ഷം നടന്ന അഴിമതികളുടെ വിവരം ഈ അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് പ്രമോദ് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ കൊടുത്ത പരാതി പരിശോധിക്കണമെന്ന് കായിക മന്ത്രിയുടെ ഓഫീസിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് അതേ വര്‍ഷം ഡിസംബറില്‍ത്തന്നെ ആവശ്യപ്പെട്ടെങ്കിലും കായിക വകുപ്പില്‍ ഫയല്‍ ഒന്‍പതു മാസത്തോളം മുങ്ങുകയായിരുന്നു. കായിക വകുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന ആരോപണങ്ങളില്‍ ചിലതിലെങ്കിലും അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ അത് വലിയ ദോഷം ചെയ്യുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ അന്വേഷണ പ്രഖ്യാപനം.
അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നില്‍ പ്രമോദിന്റെ നിതാന്ത ജാഗ്രത
രണ്ടു വര്‍ഷമായി മുന്‍ സൈനികന്‍ പ്രമോദ് നടത്തിയ തീവ്രശ്രമത്തിന്റെയും ജാഗ്രതയുടെയും ഫലമാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതിയേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം. ഇതിനായി പ്രമോദ് നിരവധി വിവരാവകാശ രേഖകള്‍ ശേഖരിച്ചു. നിരവധി ഉദ്യോഗസ്ഥരെ നേരില്‍ കണ്ടു. അഴിമതികളുടെ സമ്പൂര്‍ണ രേഖകളുമായാണ് പ്രമോദ് മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. ഇനിയും അഴിമതിയുടെ വലിയ കഥകള്‍ പുറത്തുവരാനുണ്ടെന്ന് പ്രമോദ് ജന്മഭൂമിയോട് പറഞ്ഞു. കായിക താരങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ജോലി വാങ്ങി നല്കുന്നതിനായി സെക്രട്ടേറിയറ്റ് പടിക്കല്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്കി ശ്രദ്ധ നേടിയ സൈനികനാണ് പ്രമോദ്. പ്രമോദിന്റെ ഇടപെടലുകളിലൂടെ നാനൂറോളം കായിക താരങ്ങള്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചത്.











