ബറേലി: ബോളിവുഡ് നടി ദിഷ പടാനിയുടെ ബറേലിയിലെ വീട്ടിലേക്ക് അജ്ഞാതർ വെടിയുതിർത്തു. പുലർച്ചെ 3.30 ഓടെ ദിഷ പടാനിയുടെ വീട്ടിലേക്ക് അജ്ഞാതർ മൂന്ന് മുതൽ നാല് റൗണ്ട് വരെ വെടിയുതിർത്തതായിട്ടാണ് റിപ്പോർട്ട്.
ഇതിനെ തുടർന്ന് ഈ സംഭവത്തിന് ശേഷം ബറേലി പോലീസ് ദിഷ പടാനിയുടെ വീടിന്റെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാൻ ബറേലി പോലീസ് അഞ്ച് വ്യത്യസ്ത ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.
അതേസമയം നടിയുടെ വീട്ടിൽ നടന്ന വെടിവയ്‌പ്പിന്റെ ഉത്തരവാദിത്തം ഗുണ്ടാസംഘം രോഹിത് ഗോദാര ഏറ്റെടുത്തു എന്ന തരത്തിൽ ഫേസ്ബുക്കിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നുണ്ട്. എന്നിരുന്നാലും ഈ പോസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല, അതിനാൽ ബറേലി പോലീസും ഇത് അന്വേഷിക്കുന്നുണ്ട്.
വെടിവയ്‌പ്പിൽ പോലീസ് ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണെന്ന് ബറേലി സീനിയർ എസ്പി അനുരാഗ് ആര്യ പറഞ്ഞു. കുടുംബത്തിന്റെ സുരക്ഷയ്‌ക്കായി മതിയായ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
















