ഗാസ : ദോഹയില്‍ ഹമാസ് നേതാക്കളെ വക വരുത്താന്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ഖത്തർ മുൻകൂട്ടി അറിഞ്ഞെന്ന് റിപ്പോര്‍ട്ട്. വിവരം നേരത്തെ അറിഞ്ഞിട്ടും ഖത്തർ ദോഹയിലെ ഹമാസ് കേന്ദ്രത്തിന് സംരക്ഷണം ഒരുക്കാന്‍ തയാറായില്ലെന്നും റിപ്പോർട്ടുണ്ട് . . ഹമാസിനെ പിന്നില്‍ നിന്ന് കുത്തുന്ന നയമാണ് ഖത്തര്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.
2012 മുതല്‍ ഹമാസിന്റെ രാഷ്‌ട്രീയകാര്യ വിഭാഗം ഖത്തറിലാണ് പ്രവര്‍ത്തിച്ചു പോരുന്നത്. എന്നിട്ടും ഖത്തറിനെ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ ഒഴിഞ്ഞു നിന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയും ഇസ്രായേൽ ഖത്തർ ആക്രമണത്തിനു മുതിർന്നില്ല . എന്നാൽ ഇപ്പോൾ ഹമാസ് ഖത്തറിനും തലവേദനയാകുന്നുവെന്നതാണ് കൈവിടാനുള്ള കാരണങ്ങളില്‍ പ്രധാനം.
ആക്രമണ വിവരം അറിഞ്ഞപ്പോള്‍ വൈകിപ്പോയെന്ന അമേരിക്കയുടെയും ഖത്തറിന്റെയും വാദം വിശ്വസനീയമല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാസങ്ങളുടെ തയാറെടുപ്പില്ലാതെ ഇത്തരമൊരു ആക്രമണം നടത്താനാവില്ലെന്നാണ് വിലയിരുത്തല്‍. ആക്രമണത്തിന്റെ ഭാഗമായി 15 ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തി മുതിര്‍ന്ന ഹമാസ് നേതാക്കള്‍ താമസിക്കുന്ന കെട്ടിടത്തില്‍ മാത്രം 10 ബോംബുകളിട്ട് മടങ്ങി. അത്യാധുനിക ആയുധങ്ങളും വ്യോമപ്രതിരോധവുമെല്ലാം കൈവശമുള്ള ഖത്തര്‍, ഇസ്രയേലിന്റെ ആക്രമണത്തെ കുറിച്ച് അറിഞ്ഞില്ലെന്ന വാദം കളവാണെന്നും വിദഗ്ധര്‍ പറയുന്നു. റഡാറിലൊന്നും പതിയാത്ത തരം യുദ്ധ വിമാനങ്ങളാണ് ഇസ്രയേല്‍ ഉപയോഗിച്ചതെന്ന് മാത്രമാണ് ഖത്തര്‍ ഇതേക്കുറിച്ച് പറഞ്ഞത്
യുഎസ് നിര്‍ദേശിക്കുന്ന ഇസ്രയേലിന് മേല്‍ക്കൈ നല്‍കുന്ന വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചേരാന്‍ ഹമാസിന് മേല്‍ നിരന്തര സമ്മര്‍ദം ഉയര്‍ന്നിരുന്നു. ഇത് ഖത്തറിനെ കടുത്ത സമ്മര്‍ദത്തിലാക്കിയെന്നും ഹമാസ് ഒരു ബാധ്യതയായി മാറിയതോടെ ഇതില്‍ നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന നിലപാടിലേക്ക് ഖത്തര്‍ എത്തിച്ചേര്‍ന്നുവെന്നുമാണ് അമേരിക്കന്‍ അനലിസ്റ്റായ മൊസാബ് ഹസന്‍ യൂസഫ് പറയുന്നത്. ദോഹയില്‍ ആക്രമണം ഉണ്ടായിട്ടും ഖത്തര്‍ യാതൊരു പരിഭ്രാന്തിയും കാട്ടിയില്ല. ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമണം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്നും ബോധപൂര്‍വം കണ്ണടച്ചതാണെന്നുമാണ് ഡിഫന്‍സ് അനലിസ്റ്റ് ഹംസ അട്ടാര്‍ പറയുന്നത്
















