ടെല്‍ അവീവ്: ഇസ്രയേലിനെതിരേ തിരിച്ചടിക്കുമെന്നു ഖത്തര്‍ പ്രഖ്യാപിച്ചെങ്കിലും പെട്ടെന്നുള്ള പ്രത്യാക്രമണം അവര്‍ ഒഴിവാക്കി. എന്ത് ചെയ്യണമെന്നു തീരുമാനിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഈ ഉച്ചകോടി തീരുമാന പ്രകാരമാകും നടപടി. ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിച്ചായിരിക്കും നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തറിന് തലവേദനയായി മാറിയ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രയേലിനു മൗനാനുവാദം നല്കുകയായിരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചടിക്കുമെന്നു പ്രസ്താവനയില്‍ മാത്രമൊതുക്കിയത് ഈ വാദങ്ങള്‍ക്ക് കരുത്തായി.
ഖത്തര്‍ ആക്രമണത്തിന് പിന്നാലെ യെമനിലെ സനായിലും അല്‍ജൗഫ് ഗവര്‍ണറേറ്റിലും ഇസ്രയേലിന്റെ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ഹൂതി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു.
9/11 ആക്രമണ ശേഷം ഭീകര സംഘടന അല്‍-ഖ്വയ്ദയ്‌ക്കെതിരേയുള്ള അമേരിക്കയുടെ തിരിച്ചടിക്കു സമാനമാണ് ഖത്തറിലെ ആക്രമണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.
















