കോഴിക്കോട്: ബഹുഭാര്യത്വത്തെ എതിര്‍ക്കുന്ന പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും വൈഫ് ഇന്‍ ചാര്‍ജുമാരുണ്ടെന്ന സമസ്ത നേതാവ് ബഹാവുദ്ദീന്‍ നദ്‌വിയുടെ പരാമര്‍ശത്തെ ചൊല്ലി സമസ്തയില്‍ ഭിന്നത രൂക്ഷമായി. കഴിഞ്ഞ ദിവസമാണ് സമസ്ത മുശാവറ അംഗമായ ഡോ. ബഹാവുദ്ദീന്‍ ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശം നടത്തിയത്. ഇതിനെ ശക്തമായി എതിര്‍ത്ത് സമസ്തയുടെ മറ്റൊരു മുശാവിറ അംഗമായ ഉമര്‍ ഫൈസി മുക്കം രംഗത്തെത്തി. ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി കൂടത്തായിയും രംഗത്തെത്തിയിട്ടുണ്ട്.
ജനപ്രതിനിധികള്‍ക്ക് വൈഫ് ഇന്‍ചാര്‍ജുമാര്‍ ഉണ്ടെന്ന നദ്‌വിയുടെ പ്രസ്താവന ശരിയായില്ലെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മുശാവറ അംഗം എന്ന നിലയില്‍ അദ്ദേഹം വാക്കുകളില്‍ സൂക്ഷ്മത പുലര്‍ത്തണം. പറയുന്ന കാര്യം സത്യസന്ധമായിരിക്കണം. എല്ലാ പാര്‍ട്ടികളുടേയും നേതാക്കളെ സംശയമുനയിലാക്കുന്ന പ്രസ്താവനയാണ് നദ്‌വി നടത്തിയത്. ഇത് സമസ്തയുടെ നിലപാടല്ലെന്നും ഉമര്‍ഫൈസി വ്യക്തമാക്കിയിരുന്നു.
ബഹുഭാര്യത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ സമസ്തയുടെ നിലപാട് തന്നെയാണ് അദ്ദേഹം പറഞ്ഞതെന്ന് നാസര്‍ ഫൈസി പറഞ്ഞു. ബഹുഭാര്യത്വത്തെ എതിര്‍ക്കുന്ന സാംസ്‌കാരിക നായകരില്‍ പലര്‍ക്കും ഭാര്യക്ക് പുറമേ കാമുകിമാരും മറ്റും ഉള്ളവരല്ലേ എന്നും നാസര്‍ ഫൈസി ചോദിക്കുന്നു.
സമസ്തയുടെ നയത്തിന് വിരുദ്ധമായി ഡോ. ബഹാവുദ്ദീന്‍ നദ്വി ഒന്നും സംസാരിച്ചിട്ടില്ല. ചരിത്രത്തെ ഉദ്ധരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. എംപിമാര്‍, എംഎല്‍എമാര്‍, സാംസ്‌കാരിക നായകന്മാര്‍ തുടങ്ങി പലരും ബഹുഭാര്യത്വത്തെ വിമര്‍ശിക്കുന്നവരാണ്. എന്നാല്‍ അവരില്‍ പലരും സ്വന്തം ഭാര്യക്ക് പുറമേ മറ്റ് കാമുകിമാരെ ജീവിതത്തില്‍ പങ്കാളികളാക്കുന്നുണ്ട്. അതൊന്നും ആക്ഷേപസ്വരത്തിലല്ല, യാഥാര്‍ത്ഥ്യം ആയാണ് പറഞ്ഞത്. ഇത് സമസ്തയുടെ നിലപാടിന് വിരുദ്ധമാകുന്നതെങ്ങനെയാണ്? ഒരു മുശാവറ അംഗം മറ്റൊരംഗത്തെ പരസ്യമായി ഇങ്ങനെ വിമര്‍ശിക്കുന്നത് ശരിയാണോ? മാര്‍ക്‌സിസത്തിന്റെ ഉപജ്ഞാതാവായ കാള്‍ മാര്‍ക്‌സിന് പോലും ഒന്നിലധികം ജീവിത പങ്കാളികള്‍ ഉണ്ടെന്ന് ചരിത്രത്തില്‍ കാണാന്‍ സാധിക്കുമെന്നും നാസര്‍ ഫൈസി പറയുന്നു.
‘വൈഫ് ഇന്‍ ചാര്‍ജ്’ പരാമര്‍ശത്തെ ചൊല്ലി വ്യക്തമായ ചേരിതിരിവാണ് സമസ്ത നേതൃത്വത്തിലുണ്ടായിട്ടുള്ളത്. ലീഗ് അനുകൂല ചേരിയിലെ നേതാവാണ് ഡോ. ബഹാവുദ്ദീന്‍ നദ്വി. അതുകൊണ്ട് അദ്ദേഹത്തിന് പിന്തുണ നല്‍കി എത്തിയിരിക്കുന്നത് നാസര്‍ ഫൈസി കൂടാത്തായിയെ പോലുള്ള ലീഗ് അനുഭാവികളാണ്. അതേസമയം ജിഫ്രി മുത്തുക്കോയ തങ്ങളെയും ഉമര്‍ ഫൈസിയെയും പോലുള്ള ലീഗ് വിരുദ്ധ ചേരിയിലെ നേതാക്കള്‍ അദ്ദേഹത്തെ കൈവിടുകയാണ്. സമസ്തയില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന ലീഗ് അനുകൂല- ലീഗ് വിരുദ്ധ ചേരികള്‍ തമ്മിലുള്ള ഭിന്നതയാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്.
















